Sports
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രണ്ടാം കിരീട നേട്ടത്തോടെ അവസാനിച്ചു. ആഘോഷത്തിന്റെയും നിരാശയുടെയും പ്രവചനാതീത പ്രകടനങ്ങളുടെയും സമാനതകളില്ലാത്ത സീസണ് കൂടിയായിരുന്നു 2026 സീസണ്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ബംഗളൂരു (ആർസിബി) കിരീടം നിലനിർത്തിയപ്പോൾ ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആർസിബി മാറി.
ടോപ് ഫോർ
സീസണിലെ മികച്ച ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നതിൽ സംശയമില്ല. 18 പോയിന്‍േറാടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് അവർ പ്ലേ ഓഫിലെത്തിയത്. പ്ലേ ഓഫിലും ഫൈനലിലും ഗുജറാത്ത് ടൈറ്റൻസിനെതിരേ നേടിയ വിജയങ്ങൾ ബംഗളൂരുവിന്റെ ആധിപത്യം വ്യക്തമാക്കുന്നു.
ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസ് സീസണിലെ പോരാളികളിൽ മുന്നിലാണ്. പോയിന്റ് പട്ടികയിൽ ആർസിബിക്കൊപ്പംനിന്നു. ടോപ് ഫൈവിൽ ശുഭ്മൻ ഗിൽ (732 റണ്‍സ്), സായ് സുദർശൻ (722 റണ്‍സ്). ഇവർക്കൊപ്പം ജോസ് ബട്ലറും ചേർന്നപ്പോൾ ഭയപ്പെടുത്തുന്ന ബാറ്റിംഗ് നിര.
ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുടെ കരുത്തിൽ ഹൈദരാബാദും ആദ്യ നാലിൽ എത്തി. സീസണിലെ ശ്രദ്ധേയ താരമായ വൈഭവ് സൂര്യവംശിയുടെ കരുത്തിൽ രാജസ്ഥാൻ കിരീടപ്പോരാട്ടത്തിൽ സജീവമായി.
പർപ്പിൾ വേട്ട
ബാറ്റർമാരുടെ മാത്രം സീസണെന്ന് നിർവചിക്കപ്പെട്ട കിരീട പോരാട്ട യാത്രയിൽ ബൗളർമാരും കൈയൊപ്പ് ചാർത്തി. ഗുജറാത്ത് ടൈറ്റൻസിന്റെ കഗിസോ റബാഡ 29 വിക്കറ്റുകളോടെ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി. ഒരു വിക്കറ്റ് വ്യത്യാസത്തിൽ ഇന്ത്യയുടെ ഭുവനേശ്വർ കുമാറിനെ (28 വിക്കറ്റ്) റബാഡ ഫൈനൽ മത്സരത്തിൽ മറികടക്കുകയായിരുന്നു. ജോഫ്ര ആർച്ചർ 25, റാഷിദ് ഖാൻ 21, മുഹമ്മദ് സിറാജ് 19, ജേസണ്‍ ഹോൾഡർ 17 എന്നിവരാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽനിന്ന മറ്റ് പ്രമുഖർ.
വമ്പൻ തകർച്ച
മധുരം നുണഞ്ഞ ഫ്രാഞ്ചൈസികളും നിരാശ പകർന്ന ഫ്രാഞ്ചൈസികളും സീസണിന്റെ കാഴ്ചയായിരുന്നു. ഡൽഹി ക്യാപിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് എന്നിവർ വന്പൻ പരാജയമായി. ഇതുവരെ ഒരു ഐപിഎൽ കിരീടം പോലും നേടാനാകാത്ത ഡൽഹിക്ക് ഈ സീസണും ദുരന്തമായി മാറി.
വന്പൻ താരങ്ങളുമായി ലക്ഷണമൊത്ത ടീമായി ഇറങ്ങിയിട്ടും ലക്നോ സൂപ്പർ ജയന്റ്സിന് സീസണിൽ പ്രകന്പനം സൃഷ്ടിക്കാനായില്ല. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ലക്നോ സീസണ് അവസാനിപ്പിച്ചത്.
രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, തിലക് വർമ, ജസ്പ്രീത് ബുംറ തുടങ്ങി വൻതാരനിര ഉണ്ടായിട്ടും അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ തകർച്ച സീസണിന് നിരാശ പകരുന്നതായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തകർപ്പൻ തുടക്കം ലഭിച്ച ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിന് രണ്ടാം പാതിയിൽ അടിപതറിയത് ആരാധകരെ ഞെട്ടിച്ചു.
സൂപ്പർ ഫ്ലോപ്പ്
27 കോടിക്ക് ലക്നോവിന് വേണ്ടി കളിച്ച ഋഷഭ് പന്തിന്റെ പ്രകടനം അദ്ദേഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനത്തിനും ദേശീയ ടീമിലേക്കുള്ള വരവിനും തിരിച്ചടിയായി. 312 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. എം.എസ്. ധോണിയുടെ പകരക്കാരനായി ചെന്നൈയെ നയിച്ച ഋതുരാജ് ഗെയ്ക്വാദിന് ചെന്നൈയെ പ്ലേ ഓഫിലെത്തിക്കാൻ കഴിഞ്ഞില്ല. സഞ്ജു സാംസണ് വെടിക്കെട്ട് നടത്തിയെങ്കിലും ഋതുരാജിന്റെ മെല്ലെപ്പോക്ക് ചെന്നൈയ്ക്ക് പല മത്സരങ്ങളിലും തിരിച്ചടിയായി.
മുംബൈയുടെ ഹാർദിക് പാണ്ഡ്യയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. സൂര്യകുമാർ യാദവിന് മധ്യനിരയിൽ തിളങ്ങാനായില്ല. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പോലും നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചില്ല.
ബംഗളൂരുവിന്റെ ബാക്ക് ടു ബാക്ക് കിരീട നേട്ടത്തിനൊപ്പം വൈഭവ് സൂര്യവംശി എന്ന 15കാരൻ പ്രതിഭാശാലിയുടെ ഉദയം കൂടിയാണ് ഈ സീസണ് അടയാളപ്പെടുത്തുക.
കാത്തിരിക്കാം, അടുത്ത പൂരം കൊടിയേറുന്നതിനായി...
Sports
അഹമ്മദാബാദ്: മാര്‍ച്ച് 28ന് ആരംഭിച്ച ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ക്ലൈമാക്സ് ഫൈറ്റ് ഇന്ന്. 10 ടീമുകള്‍ തുടങ്ങിയ പോരാട്ടം രണ്ടു ടീമുകള്‍ തല്ലിത്തീര്‍ക്കുന്ന ഫൈനലില്‍ എത്തിനില്‍ക്കുന്നു.
19-ാം സീസണ് ഐപിഎല്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു കൊമ്പുകോര്‍ക്കും. ഏറും തല്ലുമായുള്ള ബലപ്രയോഗത്തില്‍ ഒരു ടീം കപ്പില്‍ ചുംബിക്കും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ ഡാന്‍സ്.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്‍റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ്‍ റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്‍ക്കുനേര്‍
2026 സീസണില്‍ ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില്‍ രണ്ടു ജയം ആര്‍സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍വച്ചു നടന്ന ആദ്യമത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം മത്സരത്തില്‍ ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം ധര്‍മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (722 റണ്‍സ്) സായ് സുദര്‍ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ്‍ സുന്ദര്‍ (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല്‍ പാണ്ഡ്യ (13), ഹെയ്സല്‍ വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ്‍ വേട്ടക്കാരില്‍ അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്‍സ്) ആര്‍സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (486), ദേവ്ദത്ത് പടിക്കല്‍ (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ്‍ ഹോള്‍ഡര്‍ (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.
Sports
ലക്നോ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടീമായ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് രാജിവച്ചു. ഫ്രാഞ്ചൈസിയാണ് ഇക്കാര്യം അറിയിച്ചത്.
2026 ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നാല് ജയം മാത്രം നേടി, പോയിന്റ് ടേബളില്‍ അവസാന സ്ഥാനത്തായിരുന്നു ലക്നോ. 2025 ഐപിഎല്‍ ലേലത്തില്‍ 27 കോടി രൂപയ്ക്കാണ് ലക്നോ സൂപ്പര്‍ ജയന്റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് സീസണിലായി 581 റണ്‍സ് മാത്രമേ ഋഷഭ് പന്ത് നേടിയുള്ളൂ, 28 മത്സരം കളിച്ചതില്‍ 10 ജയം മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
Sports
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ സ്മാര്‍ട്ട് സണ്‍ഗ്ലാസ് ബിസിസിഐയുടെ അഴിമതി രഹിത യൂണിറ്റ് നിരോധിച്ചു.
കളിക്കാരുടെയും മാച്ച് ഓഫീഷല്സിന്റെയും ഏരിയയിലാണ് (പിഎംഒഎ) നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം സണ്ഗ്ലാസുകളിലൂടെ ഓഡിയോ/വീഡിയോ കാള്‍, സന്ദേശങ്ങള്‍, ലൈവ് സ്ട്രീമിംഗ് അടക്കം ചെയ്യാമെന്നതാണ് നിരോധിക്കാന്‍ കാരണം.
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി റണ്‍മെഷീന്‍ വിരാട് കോഹ്ലി.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ ഒന്നില്‍ 25 പന്തില്‍ 43 റണ്‍സ് നേടിയതോടെയാണ് റോയല്‍ ചലഞ്ചേഴസ് ബംഗളൂരു താരമായ കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്.
ആറാം തവണയാണ് കോഹ്ലി ഐപിഎല്ലില്‍ 600 റണ്‍സ് മറികടക്കുന്നത്. ഈ സീസണില്‍ 15 ഇന്നിംഗ്സില്‍നിന്ന് 164.38 സ്ട്രൈക് റേറ്റും 50.00 ശരാശരിയിലുമായി കോഹ്ലി അടിച്ചെടുത്തത് 600 റണ്‍സ്. ഒരു െസഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടങ്ങുന്നതാണ് കോഹ്ലിയുെട 2026 സീസണ്.
പ്രായം കളിക്കളത്തിന് പുറത്തുനിര്‍ത്തി യുവത്വം തുളുമ്പുന്ന എനര്‍ജിയുമായി മാത്രമേ കോഹ്ലിയെ ഗ്രൗണ്ടില്‍ കാണാറുള്ളൂ. 37 വയസും ആറ് മാസവും പിന്നിട്ട കോഹ്ലി ക്രീസില്‍ തകര്‍ത്തടിക്കുമ്പോള്‍ അരങ്ങേറ്റത്തിലെ യൗവനക്കാരന്റെ അതേ എനര്‍ജി ഇന്നും കാണാം. ട്വന്റി-20 ക്രിക്കറ്റില്‍ ദേശീയ ടീമില്‍നിന്നും വിരമിച്ചെങ്കിലും മറ്റ് താരങ്ങള്‍ക്ക് മാതൃകയാണ് കോഹ്ലി; ഫിറ്റ്നസ് നിലനിര്‍ത്തുന്നതിലും സ്വയം മെച്ചപ്പെടുന്നതിലും സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും.
റിയല്‍ റണ്‍മെഷീന്‍
കരിയറിന്റെ അവസാന കാലത്തേക്ക് നീങ്ങുമ്പോഴും റണ്‍സ് നേടുന്നതില്‍ കോഹ്ലിയുടെ ദാഹം ശമിച്ചിട്ടില്ല. 33 മുതല്‍ 37 വയസുവരെയുള്ള കാലഘട്ടത്തിലാണ് ഈ നേട്ടം. കരിയറിന്റെ തുടക്കത്തിലും മധ്യത്തിലുമല്ലെന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
2023 സീസണില്‍ 639 റണ്‍സ്, 2024ല്‍ 741, 2025ല്‍ 657, 2026ല്‍ ഒരു മത്സരം ബാക്കി നില്‍ക്കേ 600 റണ്‍സ് എന്നതാണ് കോഹ്ലിയുടെ ഐപിഎൽ റൺ വേട്ട. ഐപിഎല്‍ ആദ്യ സീസണ് മുതല്‍ ആര്‍സിബിക്കൊപ്പം നിന്ന കോഹ്ലി രണ്ടാം കിരീടം ലക്ഷ്യമിട്ട് 31ന് ഫൈനല്‍ മത്സരത്തിനിറങ്ങും.
ക്രിസ് ഗെയ്്ല്‍ (2011, 2012, 2013), ഡേവിഡ് വാര്‍ണര്‍ (2016, 2017, 2019), കെ.എല്‍. രാഹുല്‍ (2020, 2021, 2022) എന്നിവരുടെ തുടര്‍ച്ചയായി മൂന്ന് സീസണുകളിലെ 600+ സ്കോര്‍ എന്ന റിക്കാര്‍ഡാണ് കോഹ്ലി മറികടന്നത്.
Sports
ധര്‍മശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം.
19-ാം സീസണിലെ ക്വാളിഫയര്‍ ഒന്ന് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും 2022 സീസണ് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു രാത്രി 7.30നു കൊമ്പുകോര്‍ക്കും. ഇതില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. പരാജയപ്പെടുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിലൂടെ ഫൈനല്‍ ടിക്കറ്റ് നേടാന്‍ രണ്ടാമത് ഒരു അവസരംകൂടി ലഭിക്കും.
രജത് പാട്ടിദാര്‍ നയിക്കുന്ന ബംഗളൂരുവും ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തും 2026 സീസണില്‍ 18 പോയിന്റ് വീതം സ്വന്തമാക്കി. നെറ്റ് റണ്‍ റേറ്റ് മികവില്‍ ബംഗളൂരു ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
ടീം കെട്ടുറപ്പ്
സീസണ് തുടക്കം മുതല്‍ ചാമ്പ്യന്മാരുടെ പോരാട്ടമാണ് ബംഗളൂരു നടത്തിയത്. ആദ്യം പ്ലേ ഓഫില്‍ പ്രവേശനം നേടിയതും ബംഗളൂരുതന്നെ. വിരാട് കോഹ്ലി, രജത് പാട്ടിദാര്‍ തുടക്കത്തിലെ ആക്രമണമാണ് കരുത്ത്.
163.82 സ്ട്രൈക് റേറ്റില്‍ 557 റണ്‍സ് നേടിയ കോഹ്ലിയുടെ ഇന്നിംഗ്സ് നിര്‍ണായകമാകും. 183 പ്രഹരശേഷിയിലാണ് പാട്ടിദാര്‍ അടിച്ചുപറത്തുന്നത്. സ്വന്തമാക്കിയത് 393 റണ്‍സ്. സീസണില്‍ മിന്നും ഫോമിലുള്ള ദേവദത്ത് പടിക്കല്‍ 171.82 സ്ട്രൈക് റേറ്റില്‍ 433 റണ്‍സ് നേടി മൂന്നാം നമ്പരില്‍ വിശ്വാസം കാക്കുന്നു. ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട്, വെങ്കിടേഷ് അയ്യര്‍ തുടങ്ങി വെടിക്കെട്ട് ബാറ്റിംഗ് നിര.
പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ 24 വിക്കറ്റുമായി ഒന്നാമതുള്ള ആര്‍സിബിയുടെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഫോമിലുള്ളപ്പോള്‍ പവര്‍ പ്ലേയില്‍ ഗുജറാത്ത് വിയര്‍ക്കും. 14 വിക്കറ്റ് വീഴത്തിയ റസിക് ഥാറും നിര്‍ണായകമാകും. ഏത് ബാറ്ററെയും വീഴ്ത്താന്‍ കരുത്തുള്ള ജോഷ് ഹെയ്സല്‍വുഡ് ഫോമിലായാല്‍ കൂടുതല്‍ അപകടം വിതയ്ക്കും.
പേസും സ്ഥിരതയും
ഗുജറാത്തിനെ മുന്നില്‍നിന്ന് നയിക്കുന്നത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. ഓപ്പണിംഗില്‍ ഗില്‍-സായ് സുദര്ശന് സഖ്യം ഗുജറാത്തിന്റെ വിശ്വസവും കരുത്തുമാണ്.
ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ 157.92 പ്രഹരശേഷിയില്‍ 638 റണ്‍സുമായി സായ് സുദര്ശന് ഒന്നാം സ്ഥാനത്തും ഗില്‍ 161.67 സ്ട്രൈക്ക് റേറ്റില്‍ 616 റണ്‍സുമായി രണ്ടാം സ്ഥാനത്തുമാണ്. ഈ സ്ഥിരതയാണ് ഗുജറാത്ത് മുന്നേറ്റത്തിന്റെ അടിത്തറ.
ജോസ് ബട്ലര്, വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, രാഹുല്‍ തെവാട്ടിയ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ നിരയിലുണ്ട്.
24 വിക്കറ്റുമായി തകര്‍ത്തെറിയുന്ന കഗിസോ റബാഡയ്ക്കൊപ്പം 17 വിക്കറ്റുമായി മുഹമ്മദ് സിറാജും 14 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും 13 വിക്കറ്റുമായി ജേസണ്‍ ഹോള്‍ഡറും ചേരുമ്പോള്‍ പേസ് നിര അതീവ കരുത്ത് കാട്ടും. 19 വിക്കറ്റുമായി റഷീദ് ഖാന് ബാറ്റര്‍മാരെ കറക്കി വീഴ്ത്തി ഗുജറാത്ത് ബൗളിംഗ് നിരയ്ക്ക് പ്രതീക്ഷയേകുന്നു.
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫില്‍ ശേഷിക്കുന്ന ഒരു സ്പോട്ടിലേക്കുള്ള അഡ്മിഷന് ഇന്നു നടക്കും. 19-ാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടം ഇന്നു സമാപിക്കുന്നതോടെയാണ് ശേഷിക്കുന്ന ഒരു സ്ഥാനം ആര്‍ക്കെന്നതില്‍ തീരുമാനമാകുക.
ഇന്നു നടക്കുന്ന ആദ്യപോരാട്ടത്തില്‍ പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ് അഞ്ച് തവണ കപ്പുയര്‍ത്തിയ പാരമ്പര്യമുള്ള മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് ഈ പോരാട്ടം.
ജയിച്ചാല്‍ രാജസ്ഥാന്
ഇന്നു മുംബൈ ഇന്ത്യന്‍സിനെ കീഴടക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനം രാജസ്ഥാന് റോയല്‍സിനു സ്വന്തമാക്കാം. നിലവില്‍ 13 മത്സരങ്ങളില്‍നിന്ന് 14 പോയിന്റാണ് രാജസ്ഥാന് റോയല്‍സിനുള്ളത്. ജയിച്ചാല്‍ 16 പോയിന്റില്‍ എത്താം. പ്ലേ ഓഫ് ഉന്നം വച്ചിരിക്കുന്ന മറ്റെല്ലാ ടീമിന്റെയും പ്രതീക്ഷ അതോടെ അസ്തമിക്കും.
ഇന്നു നടക്കുന്ന രണ്ടാം മത്സരം (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ്) അതോടെ അപ്രസക്തമാകും. രാത്രി 7.30ന് കോല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സിലാണ് നൈറ്റ് റൈഡേഴ്സ് x ക്യാപ്പിറ്റല്‍സ് പോരാട്ടം.
വൈഭവിനു സാധിക്കുമോ..?
ജയിച്ചാല്‍ പ്ലേ ഓഫ് എന്ന അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ രാജസ്ഥാന് റോയല്‍സ് ഇറങ്ങുമ്പോള്‍, എല്ലാ കണ്ണുകളും വൈഭവ് സൂര്യവംശിയില്‍. 15കാരനായ വൈഭവിനു രാജസ്ഥാന് റോയല്‍സിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്.
19-ാം സീസണ് റണ്‍ വേട്ടയില്‍ ഇതിനോടകം വൈഭവ് സൂര്യവംശി കരുത്തറിയിച്ചുകഴിഞ്ഞു. 13 ഇന്നിംഗ്സില്‍നിന്ന് 44.53 ശരാശരിയില്‍ 579 റണ്‍സ് വൈഭവ് സൂര്യവംശി അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ഈ സീസണ് ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള ബാറ്ററും വൈഭവ് സൂര്യവംശിതന്നെ, 236.32.
ഫോര്‍ & സിക്സ് ഫിഫ്റ്റി
ഈ ഐപിഎല്ലില്‍ സിക്സും ഫോറും കൊണ്ട് സെഞ്ചുറി കടന്ന ഏകതാരമെന്ന നേട്ടവും വൈഭവിനു സ്വന്തം. 50 ഫോറും 53 സിക്സും ഈ കൗമാരതാരത്തിന്റെ ബാറ്റില്‍നിന്ന് ഇതിനോടകം പിറന്നു. 13 ഇന്നിംഗ്സില്നിന്നു നേടിയ 579 റണ്‍സില്‍ 518 റണ്‍സും സിക്സും ഫോറും കൊണ്ടു മാത്രമാണെന്നതാണ് ശ്രദ്ധേയം.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റിക്കാര്‍ഡിലേക്ക് ആറ് എണ്ണത്തിന്റെ അകലം മാത്രമാണ് വൈഭവ് സൂര്യവംശിക്കുള്ളത്. 2012 ഐപിഎല്‍ സീസണില്‍ ക്രിസ് ഗെയ്ല് 59 സിക്സ് പറത്തിയതാണ് നിലവിലെ റിക്കാര്‍ഡ്.
മുംബൈ ബൗളിംഗ് ആക്രമണത്തെ തച്ചുടച്ച് രാജസ്ഥാന് റോയല്‍സിന് പ്ലേ ഓഫ് സ്ഥാനം നേടിക്കൊടുക്കുന്നതിനൊപ്പം സിക്സിന്റെ റിക്കാര്‍ഡും വൈഭവ് സൂര്യവംശി കുറിക്കട്ടെയെന്നാണ് ആരാധകരുടെ ആശംസ. ഇന്നു ജയിച്ചാല്‍, പ്ലേ ഓഫില്‍ കളിക്കാനുള്ള അവസരവും വൈഭവിനും സംഘത്തിനും മുന്നില്‍ തുറക്കപ്പെടും.
പ്ലേ ഓഫ് ഇങ്ങനെ
ലീഗ് ടേബിളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ തീര്‍പ്പായതാണ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഈ മൂന്നു ടീമും പ്ലേ ഓഫ് ഉറപ്പാക്കുകയും ചെയ്തു.
ഒന്നും രണ്ടും സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് പ്ലേ ഓഫിലെ ആദ്യ പോരാട്ടം. ഈ ടീമുകള്‍ തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം 26ന് ധര്‍മശാലയില്‍ നടക്കും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്കു മുന്നേറും.
27നാണ് പ്ലേ ഓഫിലെ രണ്ടാം മത്സരമായ എലിമിനേറ്റര്‍. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളി/പ്ലേ ഓഫില്‍ കടക്കുന്ന നാലാം ടീം ആരാണെന്ന് ഇന്നു വ്യക്തമാകും. ആ ക്ലൈമാക്സിനായാണ് ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പ്.
Sports
19-ാം സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫ് പോരാട്ടം ക്ലൈമാക്സിലേക്ക്. അവസാന റൗണ്ട് പോരാട്ടം ഇന്നലെ ആരംഭിച്ചു. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുന്ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ ഇതിനോടകം പ്ലേ ഓഫ് ഉറപ്പാക്കി. ലീഗ് റൗണ്ട് പോരാട്ടങ്ങള്‍ ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് x രാജസ്ഥാന് റോയല്‍സ് പോരാട്ടത്തിന്റെ ഫലം അനുസരിച്ചാണ് പ്ലേ ഓഫ് ക്ലൈമാക്സ്.
രാജസ്ഥാന് x മുംബൈ
രാജസ്ഥാന് റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെ ഒരുപക്ഷേ, പ്ലേ ഓഫ് ഒഴിവു നികത്തപ്പെടും. മുംബൈ ഇന്ത്യന്‍സിന് എതിരേ ജയിച്ചാല്‍ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫില്‍ കടക്കുമെന്നതിനാലാണിത്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന് റോയല്‍സിന് 14 പോയിന്റുണ്ട്. മുംബൈ ഇന്ത്യന്‍സ് ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായതാണ്. മുംബൈയെ കീഴടക്കിയാല്‍ രാജസ്ഥാന് റോയല്‍സ് 16 പോയിന്റില്‍ എത്തും; പ്ലേ ഓഫും സ്വന്തമാക്കും. രാജസ്ഥാന് റോയല്‍സ് ജയിച്ചാല്‍, പിന്നീട് മറ്റൊരു ടീമിനും രാജസ്ഥാനെ മറികടക്കാന്‍ സാധിക്കില്ല.
രാജസ്ഥാന് തോറ്റാല്‍
മുംബൈ ഇന്ത്യന്‍സിനോട് രാജസ്ഥാന് റോയല്‍സ് പരാജയപ്പെട്ടാല്‍ മാത്രമേ മറ്റു ടീമുകളുടെ പ്ലേ ഓഫ് സ്വപ്നം സഫലമാകൂ. ഒരു മത്സരം ബാക്കിയുള്ള പഞ്ചാബ് കിംഗ്സിനും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും 13 പോയിന്റ് വീതമുണ്ട്. രാജസ്ഥാന് പരാജയപ്പെട്ടാല്‍ കോല്‍ക്കത്ത x ഡല്‍ഹി പോരാട്ടത്തിന്റെ പ്രാധാന്യം വര്‍ധിക്കും. അവസാന മത്സരത്തില്‍ പഞ്ചാബും ജയിച്ചാല്‍, നെറ്റ് റണ്‍ റേറ്റ് അടിസ്ഥാനമാക്കിയേ പ്ലേ ഓഫിലെ അവസാന ടിക്കറ്റ് ആര്‍ക്കെന്നു നിശ്ചയിക്കപ്പെടൂ.
Sports
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിന് എതിരേ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പകരക്കാരൻ വിക്കറ്റ് കീപ്പറായത് ഉർവിൽ പട്ടേൽ.
ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്നിംഗ്സിലെ രണ്ടാം ഓവറിനിടെ സഞ്ജു സാംസൺ കൈവിരലിനു പരിക്കേറ്റ് ഗ്രൗണ്ട് വിട്ടതോടെയാണ് ഉർവിൽ ഗ്ലൗ അണിഞ്ഞ് വിക്കറ്റിനു പിന്നിലെത്തിയത്.
പ്രശാന്ത് വീറിനു പകരം മാറ്റ് സ്കോട്ടിനെയും അകീൽ ഹുസൈനു പകരം ഗുർജപ്നീത് സിംഗിനെയും ഉൾപ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്.
Sports
ന്യൂഡല്‍ഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോല്‍ക്കത്തയ്ക്കെതിരേ നാലു വിക്കറ്റ് പരാജയം രുചിച്ച മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പിഴ ശിക്ഷ. ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലെവല്‍ വണ്‍ നിയമലംഘനത്തിനാണ് ശിക്ഷ.
മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്ത ഇന്നിംഗ്സിലെ പത്താം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. മുംബൈ പരാജയം മുന്നില്‍ക്കണ്ട സാഹചര്യത്തില്‍ നിരാശനായ പാണ്ഡ്യ ബെയില്സ് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
കുറ്റം അംഗീകരിച്ച ഹാര്‍ദിക് പാണ്ഡ്യക്ക്, പിഴയ്ക്കൊപ്പം ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി റഫറി രാജീവ് സേത് വിധിച്ചു. മനീഷ് പാണ്ഡെയുടെ (33 പന്തിൽ 45) കരുത്തിലായിരുന്നു കെകെആറിന്റെ ജയം.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 147/8. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ 148/6.
സീസണിൽ മുംബൈയുടെ എട്ടാം തോൽവിയായിരുന്നു. പ്ലേ ഓഫ് കാണാതെ മുംബൈ നേരത്തേ തന്നെ പുറത്തായതാണ്.
Sports
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫ് പോരാട്ടം ആവേശകരമാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. മുംബൈ ഇന്ത്യൻസിനെ ഏഴ് പന്ത് ബാക്കിവച്ച് നാല് വിക്കറ്റിന് കെകെആർ കീഴടക്കി. സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 147/8. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ 148/6.
കോൽക്കത്തയുടെ ജയത്തോടെ പ്ലേ ഓഫ് രംഗത്തുള്ള ടീമുകളുടെ എണ്ണം അഞ്ചായി. ഇതിനോടകം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനുവേണ്ടിയാണ് അഞ്ച് ടീമുകൾ രംഗത്തുള്ളത്.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 54 എന്ന നിലയിൽനിന്ന് കെകെആറിനെ ജയത്തിലെത്തിച്ചത് മനീഷ് പാണ്ഡെ (33 പന്തിൽ 45), റോവ്മാൻ പവൽ (30 പന്തിൽ 40) എന്നിവരുടെ പോരാട്ടമായിരുന്നു.
ടോസ് നേടിയ കോൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തു. ജയിച്ചാൽ പ്ലേ ഓഫ് സാധ്യത സജീവമാക്കാം എന്ന അവസ്ഥയിൽ ഇറങ്ങിയ കോൽക്കത്തയ്ക്കുവേണ്ടി കാമറൂൺ ഗ്രീൻ പന്തുകൊണ്ട് മികച്ച തുടക്കം നൽകി.
മുംബൈ ഇന്ത്യൻസ് ഓപ്പണർ റയാൻ റിക്കൽടനെയും (6) മൂന്നാം നന്പറായെത്തിയ നമാൻ ധിറിനെയും (0) കാമറൂൺ ഗ്രീൻ മടക്കി. രോഹിത് ശർമ (15), സൂര്യകുമാർ യാദവ് (15) എന്നിവരെ സൗരഭ് ദുബെയും പുറത്താക്കിയതോടെ മുംബൈ ഇന്ത്യൻസ് 5.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 41 റൺസ്.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് മുംബൈയെ കരകയറ്റുന്നതിനിടെ മഴ മത്സരം മുടക്കി. എട്ട് ഓവറിൽ 57/4 എന്നതായിരുന്നു മുംബൈയുടെ അപ്പോഴത്തെ സ്കോർ.
Sports
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെ തല്ലി ഓടിച്ച രാജസ്ഥാന് റോയല്‍സിന്റെ വൈഭവ് സൂര്യവംശിയുടെ ഫിഫ്റ്റി ആഹ്ലാദപ്രകടനമാണ് ഏവരും ചര്‍ച്ച ചെയ്തത്.
221 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിനായി, വൈഭവ് സൂര്യവംശി 38 പന്തില്‍ 10 സിക്സും ഏഴ് ഫോറും അടക്കം 93 റണ്‍സ് അടിച്ചുകൂട്ടി. വൈഭവിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് ജയവും രാജസ്ഥാന് ആഘോഷിച്ചു. വൈഭവായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്.
മത്സരത്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ടപ്പോള്‍ കൈവിരലുകള്‍കൊണ്ട് 'എ' എന്നു കാണിച്ചായിരുന്നു വൈഭവ് ആഹ്ലാദപ്രകടനം നടത്തിയത്. മത്സരശേഷം കമന്റേറ്ററായ മുരളി കാര്‍ത്തിക് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും വൈഭവ് ഒന്നും വിട്ടുപറഞ്ഞില്ല.
എന്നാല്‍, പിന്നീട് ഡ്രസിംഗ് റൂമില്‍വച്ച് ടീം മാനേജര്‍ റോമി ബിന്ദറിനോട് വൈഭവ് മനസ് തുറന്നു. അമ്മ ആരതി സൂര്യവംശിക്കുവേണ്ടിയാണ് ആംഗ്യം കാണിച്ചതെന്നായിരുന്നു വൈഭവിന്റെ വെളിപ്പെടുത്തല്‍. ആരതിയുടെ ആദ്യ അക്ഷരമായ എ ആണ് വൈഭവ് കാണിച്ചത്.
53 സിക്സ്; ഗെയ്ൽ മാത്രം മുന്നിൽ
2026 ഐപിഎല്ലില്‍ ഇതിനോടകം വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍നിന്നു പിറന്നത് 53 സിക്സ്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്നതില്‍ രണ്ടാം സ്ഥാനത്തും ഈ 15കാരന് എത്തി. 2012ല്‍ 14 ഇന്നിംഗ്സില്‍നിന്ന് 59 സിക്സ് പറത്തിയ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന്റെ പേരിലാണ് റിക്കാര്‍ഡ്.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തിനിടെ സഞ്ജു സാംസണും ഹെന്റിച്ച് ക്ലാസനും തമ്മിലുണ്ടായ കൊമ്പുകോര്‍ക്കലിനു ശുഭപര്യവസാനം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്നോട്ടുവച്ച 181 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഹെന്റിച്ച് ക്ലാസന് 26 പന്തില്‍ 47 റണ്‍സ് അടിച്ചിരുന്നു.
നൂര്‍ അഹമ്മദിന്റെ പന്തില്‍ ഉജ്വല സ്റ്റംപിംഗിലൂടെ സഞ്ജുവാണ് ക്ലാസനെ പുറത്താക്കിയത്. എന്നാല്‍, നിരാശനായ ക്ലാസന് ക്രീസ് വിടുന്നതിനു മുമ്പ് സഞ്ജുവിനെതിരേ വാക്ശരം തൊടുത്തു.
പ്രകോപിതനായ സഞ്ജുവും ശക്തമായി തിരിച്ചടിച്ചു. നൂര്‍ അഹമ്മദ്, ശിവം ദുബെ എന്നിവര്‍ ചേര്‍ന്നാണ് സഞ്ജുവിനെ പിടിച്ചുമാറ്റിയത്. അമ്പയറും രംഗം ശാന്തമാക്കാനെത്തി. മത്സരത്തില്‍ സണ്‍റൈസേഴ്സ് അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ സൗഹൃദം പുനഃസ്ഥാപിച്ചു. ഊഷ്മള വാക്കുകളോടെ, കെട്ടിപ്പിടിക്കുന്ന ചിത്രം ഇരുവരും പങ്കുവച്ചു.
Sports
മുംബൈ: മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റണ്‍ ഡി കോക്കും ഓൾറൗണ്ടർ രാജ് അംഗദ് ബാവയും പരിക്കിനെ തുടർന്ന് ഐപിഎൽ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പുറത്ത്.
ഡി കോക്കിന്റെ ഇടത് കൈത്തണ്ടയിലാണ് പരിക്ക്. ബാവയുടെ വലതു തള്ളവിരലിലെ ലിഗമെന്റിന് പൊട്ടലും.
ഐപിഎൽ സീസണിൽ മുംബൈക്കു വേണ്ടി ഡി കോക്കും ബാവയും മൂന്ന് മത്സരങ്ങൾ വീതം മാത്രമേ കളിച്ചിട്ടുള്ളൂ. ഏപ്രിൽ 23ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയായിരുന്നു ഡി കോക്കിന്റെ അവസാന മത്സരം. മേ
യ് 14നാണ് ബാവ അവസാനമായി കളിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഡി കോക്ക് പുറത്താകാതെ 112 റണ്‍സ് നേടിയെങ്കിലും അടുത്ത രണ്ട് ഇന്നിംഗ്സുകളിൽ 13 ഉം ഏഴും റണ്‍സ് മാത്രമേ നേടിയുള്ളൂ.
അഞ്ച് തവണ ചാന്പ്യന്മാരായ മുംബൈ സീസണിൽ പ്ലേഓഫിൽനിന്ന് പുറത്തായ ആദ്യ ടീമുകളിൽ ഒന്നാണ്.
Sports
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണ് ക്ലൈമാസിലേക്ക്. നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമായപ്പോൾ ശേഷിക്കുന്ന സ്ഥാനങ്ങൾക്കു വേണ്ടി മത്സരം ശക്തം.
ഗുജറാത്ത് ടൈറ്റൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും ആദ്യ നാലിനുള്ളിൽ ഉറപ്പിച്ചു. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരേ നിർണായക വിജയം നേടി ഡൽഹി ക്യാപിറ്റൽസും പ്ലേ ഓഫ് പോരാട്ടത്തിൽ സജീവമായി. എന്നാൽ പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് നിലവിൽ നാലിനുള്ളിൽ കടക്കാൻ മത്സരം കടുക്കുന്നത്.
തുടക്കത്തിൽ പഞ്ച് കാട്ടി കുതിച്ച പഞ്ചാബ് കിംഗ്സ് അടക്കം രണ്ടാം പകുതിയിൽ കിതച്ചു. ആദ്യം കിതച്ച ചെന്നൈ രണ്ടാം പകുതിയിൽ കുതിക്കുകയും ചെയ്തു. ഇനിയുള്ള സാധ്യതകൾ ഇങ്ങനെ...
ഗുജറാത്ത്
ഒരു മത്സരം ശേഷിക്കേ 16 പോയിന്റുമായി ബംഗളൂരുവിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. പ്ലേ ഓഫ് വിധി അനുകൂലമാണ്. ചെന്നൈ സൂപ്പർ കിംഗ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഹൈദരാബാദ് ജയിച്ചതോടെ ഗുജറാത്ത് സേഫ്. ലീഗ് ഘട്ടത്തിലെ ഗുജറാത്തിന്റെ അവസാന പോരാട്ടം ചെന്നൈക്കെതിരേയാണ്. വിജയിക്കാനായാൽ ടോപ് ടൂ സാധ്യതകളും സജീവമാക്കാം.
സണ്‍റൈസേഴ്സ്
16 പോയിന്റുമായി ഹൈദരാബാദ് പിടിമുറുക്കി. ചെന്നൈയെ വീഴ്ത്തി പ്ലേ ഓഫ് മുന്നേറ്റത്തിന് വഴിയൊരുക്കി. ബംഗളൂരുവാണ് ഇനിയുള്ള എതിരാളി. ഒന്നിലധികം ടീമുകൾ 16 പോയിന്റിലെത്താനുള്ള സാധ്യതയുണ്ടെന്നിരിക്കേ നെറ്റ് റണ്‍ റേറ്റ് പ്രധാന റോൾ വഹിക്കും.
ചെന്നൈ
രണ്ടാം പകുതിയിലെ കുതിപ്പ് തുണച്ച ടീമാണ് ചെന്നൈ. ഇനി ഗുജറാത്താണ് എതിരാളി. ബംഗളൂരു ഹൈദരാബാദിനെ പരാജയപ്പെടുത്തുകയും രാജസ്ഥാൻ ഒരു മത്സരം പരാജയപ്പെടുകയും ചെയ്താൽ പ്രതീക്ഷയുടെ കാമ്പ് മുളയ്ക്കും.
പഞ്ചാബ്
കുതിച്ച് തുടങ്ങി കിതച്ച ടീം. ആദ്യ ഏഴ് മത്സരത്തിൽ പരാജയമറിഞ്ഞില്ല. എന്നാൽ ആറ് തുടർ പരാജയങ്ങൾ പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് സ്വപ്നം തുലാസിലാക്കി. 13 പോയിന്റുള്ള പഞ്ചാബിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ലക്നോയാണ് എതിരാളി. വിജയിച്ചാൽ 15 പോയിന്റിലേക്ക് എത്താം. പക്ഷെ പഞ്ചാബിന് മറ്റ് ടീമുകളുടെ പോയിന്റിനെ ആശ്രയിക്കേണ്ടിവരും. ചെന്നൈ, ഹൈദരാബാദ്, രാജസ്ഥാൻ എന്നിവരിൽ ഒരു ടീം മാത്രമെ 16 പോയിന്റിലേക്ക് എത്താവൂ. കോൽക്കത്ത അവശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽ പരാജയപ്പെടുകയും വേണം.
രാജസ്ഥാൻ
ചെന്നൈക്ക് സമാനമാണ് രാജസ്ഥാന്റെ നില. ഇനിയുള്ള മത്സരങ്ങളിൽ എതിരാളി ലക്നോയും മുംബൈയുമായാണ്. രണ്ടും വിജയിച്ചാൽ പ്ലേ ഓഫിലേക്ക് ഡയറക്റ്റ് എൻട്രി. 14 പോയിന്റിലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം. പക്ഷേ മറ്റ് ടീമുകളുടെ മത്സര ഫലം വിധി യെഴുതും.
കോൽക്കത്ത
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 11 പോയിന്റാണുള്ളത്. മുംബൈയെയും ഡൽഹിയെയും പരാജയപ്പെടുത്തിയാലും 15 പോയിന്റിലേക്കേ എത്തൂ. പഞ്ചാബ് അവസാന മത്സരം പരാജയപ്പെടണം. ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ എന്നിവരിൽ ഒരു ടീം മാത്രമേ 16 പോയിന്റിലേക്ക് എത്താവൂ. കോൽക്കത്തയ്ക്ക് മുന്നിൽ തിരിച്ചുവരവിനുള്ള ഏക വഴിയിതാണ്.
ഡൽഹി
പ്ലേ ഓഫ് പ്രതീക്ഷയിൽ സാധ്യത കുറഞ്ഞ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഒരു മത്സരം ശേഷിക്കേ 12 പോയിന്റാണ് ഡൽഹിക്കുള്ളത്. മറ്റ് ടീമുകളുടെ ഫലം വിധി എഴുതിയാലും അത്ഭുതങ്ങൾ സംഭവിക്കണം ഡൽഹിയുടെ മുന്നേറ്റത്തിന്. മുംബൈ ഇന്ത്യൻസും ലക്നോ സൂപ്പർ ജയന്റ്സും നേരത്തേതന്നെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിച്ചിരുന്നു.
Sports
പഞ്ചാബ്: അരങ്ങേറ്റ സീസണിൽ ഏറ്റവുമധികം സിക്സുകൾ നേടിയ താരമെന്ന റിക്കാർഡ് പേരിലാക്കി പഞ്ചാബ് കിംഗ്സിന്റെ കൂപ്പർ കോണൊലി.
സീസണിൽ കൊണൊലി 32 സിക്സുകളാണ് നേടിയത്. 2008 ഐപിഎൽ ആദ്യ സീസണിലെ ശ്രീലങ്കയുടെ സനത് ജയസൂര്യ നേടിയ 31 സിക്സിന്റെ റിക്കാർ കൊണൊലി തകർത്തത്.
സീസണിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 13 മത്സരങ്ങളിൽനിന്ന് 473 റണ്‍സാണ് താരം നേടിയത്.
പുറത്താകാതെ നേടിയ 107 റണ്‍സാണ് ഏറ്റവും ഉയർന്ന സ്കോർ. 39 ഫോറുകളും താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നു.
Sports
ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി20 നായകനായി സൂര്യകുമാർ യാദവിന് പകരം മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കുമോ എന്ന് ഇന്നറിയാം.
ഗുവാഹത്തിയിൽ നടക്കുന്ന യോഗത്തിൽ സെലക്ടർമാർ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് നിർണായകമാകും.
വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ പരന്പരയിലെ ടീമിനെ തിരഞ്ഞെടുക്കാനാണ് യോഗമെങ്കിലും ട്വന്റി20 നായകസ്ഥാനവും ചർച്ചയായേക്കും.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ടീമുകളുടെ കാര്യത്തിലും ധാരണയാകും. ഋഷഭ് പന്തിന്റെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ സ്ഥാനം സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നേക്കും.
Sports
ലക്നോ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടീമായ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ.
ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിന് പിഴ ശിക്ഷ ലഭിച്ചത്.
മത്സരത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് ഏഴ് വിക്കറ്റ് ജയം നേടിയിരുന്നു. ചെന്നൈ മുന്നോട്ടുവച്ച 188 റണ്‍സ് എന്ന ലക്ഷ്യം മിച്ചല്‍ മാര്‍ഷിന്റെ (38 പന്തില്‍ 90) ഇന്നിംഗ്സ് കരുത്തില്‍ ലക്നോ മറികടന്നു.
ലീഗ് ടേബിളില്‍ അവസാന സ്ഥാനക്കാരായ ലക്നോ, 2026 സീസണില്‍ നേടുന്ന നാലാം ജയമായിരുന്നു ചെന്നൈക്കെതിരായത്.
Sports
ചെന്നൈ: ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന് രവി ശാസ്ത്രി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) രാജസ്ഥാന് റോയല്‍സിനെ നയിച്ച് മികവ് തെളിയിച്ച സഞ്ജു നിലവില്‍ ടോപ്പ് ഓര്‍ഡറില്‍ വിനാശം വിതയ്ക്കുന്ന സ്ഥിരതയുള്ള ബാറ്ററെന്ന നിലയിലും ഉയര്‍ന്നു കഴിഞ്ഞതായി രവി ശാസ്ത്രി പറഞ്ഞു.
സൂര്യകുമാറിന്റെ പ്രകടനം പരിഗണിച്ചാൽ, 2028ല്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് പുതിയാരു ക്യാപ്റ്റനെ തേടേണ്ടി വന്നേക്കും.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ കരുത്തനാകുന്ന സഞ്ജുവിന്റെ തുടക്കം മാത്രമാണ് ഇന്ന് കാണുന്നതെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Sports
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിന്റെ ഭാവി ക്യാപ്റ്റനായി ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ മുൻ താരം സഞ്ജയ് മഞ്ജരേക്കര്‍.
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈയെ പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നയിച്ച് ബുംറ ജയം സമ്മാനിച്ചതിന് പിന്നാലെയാണ് മഞ്ജരേക്കര്‍ പിന്തുണ അറിയിച്ചത്.
ബുംറയുടെ അനുഭവ സമ്പത്തും തന്ത്രങ്ങളും ടീമിന് ഗുണമാകുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും കഴിഞ്ഞ മത്സരങ്ങളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തിലാണ് ബുംറ ടീമിനെ നയിച്ചത്. മോശം ഫോമിലുള്ള ടീമിനെ സീസണിലെ ആദ്യ നായകവേഷത്തില്‍ തന്നെ ബുംറ വിജയിപ്പിച്ചു.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പേസ് ഓള്‍റൗണ്ടര്‍ ജാമി ഓവര്ടണ് പരിക്കിനെത്തുടര്‍ന്ന് പുറത്ത്.
ഈ സീസണില്‍ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവരുന്ന എട്ടാമത് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമാണ് ഓവര്ടണ്. ഇംഗ്ലീഷ് താരത്തിനു പകരമായി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡയാന് ഫോറസ്റ്ററിനെ സിഎസ്കെ ടീമില്‍ ഉള്‍പ്പെടുത്തി.
ദക്ഷിണാഫ്രിക്കയുടെ ഭാവിതാരമായി വിശേഷിപ്പിക്കപ്പെടുന്ന ഫോറസ്റ്ററിനെ 75 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്.
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് എട്ടിന്റെ പണിയിലേക്ക്. 19-ാം സീസണ് പ്ലേ ഓഫ് ടിക്കറ്റിനായി രംഗത്തുള്ളത് എട്ട് ടീമുകള്‍.
ബംഗളൂരു, ഹൈദരാബാദ്, ഗുജറാത്ത്, പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്, ഡല്‍ഹി, കോല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായുള്ളത്. മുംബൈ ഇന്ത്യന്‍സും ലക്നോ സൂപ്പര്‍ ജയന്റ്സും ഇതിനോടകം പുറത്തായി.
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് എട്ടിന്റെ പണിയിലേക്ക്. 19-ാം സീസണ് പ്ലേ ഓഫ് ടിക്കറ്റിനായി രംഗത്തുള്ളത് എട്ട് ടീമുകള്‍.
ബംഗളൂരു, ഹൈദരാബാദ്, ഗുജറാത്ത്, പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്, ഡല്‍ഹി, കോല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായുള്ളത്. മുംബൈ ഇന്ത്യന്‍സും ലക്നോ സൂപ്പര്‍ ജയന്റ്സും ഇതിനോടകം പുറത്തായി. ലീഗ് പോയിന്റ് ടേബിളില്‍ ആദ്യ നാലു ടീമുകള്‍ക്കു മാത്രമേ പ്ലേ ഓഫിലേക്കു മുന്നേറാന്‍ സാധിക്കൂ.
2026 സീസണ് ലീഗ് റൗണ്ടില്‍ ഇന്നത്തെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു x കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉള്‍പ്പെടെ ശേഷിക്കുന്നത് 14 മത്സരങ്ങള്‍ മാത്രം. 14 റൗണ്ടുള്ള ലീഗില്‍ ഗുജറാത്ത്, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്ക് രണ്ടു മത്സരങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇന്നത്തേതുള്‍പ്പെടെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നാലു മത്സരങ്ങള്‍ ബാക്കിയുണ്ട്.
പഞ്ചാബ് കിംഗ്സ്
ബാക്കി മത്സരങ്ങള്‍: മുംബൈ, ബംഗളൂരു, ലക്നോ
സീസണിന്റെ ആദ്യ പകുതിയില്‍ ഒരു തോല്‍വിപോലും വഴങ്ങാത്ത ഏക ടീമായിരുന്നു ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ്. ആദ്യ ഏഴ് മത്സരങ്ങളില്‍ ആറ് ജയം, ഒരു ഫലമില്ലാത്തതും ഉള്‍പ്പെടെ 13 പോയിന്റ്. രണ്ടാംപകുതിയില്‍ ഏറ്റവും ദയനീയ പ്രകടനമാണ് പഞ്ചാബ് ഇതുവരെ നടത്തിയത്. അവസാനം കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ടു. പഞ്ചാബിന്റെ ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ, ലക്നോ ടീമുകള്‍ക്ക് എതിരേയാണ്.
റോയല്‍ ചലഞ്ചേഴ്സ്
ബാക്കി മത്സരങ്ങള്‍: കോല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ്
മുംബൈ ഇന്ത്യന്‍സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന പന്തില്‍ ജയിച്ചത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ധനമേകി. എന്നാല്‍, ശേഷിക്കുന്ന മൂന്നു മത്സരങ്ങളും പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള ടീമുകള്‍ക്ക് എതിരേയാണെന്നത് ആര്‍സിബിക്ക് കനത്ത വെല്ലുവിളിയാണ്. അതില്‍ത്തന്നെ ആദ്യ നാലില്‍ ഉള്ള രണ്ട് ടീമുകള്‍ക്ക് എതിരേയാണ് (ഹൈദരാബാദ്, പഞ്ചാബ്) രണ്ട് പോരാട്ടം എന്നതും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നെഞ്ചിലെ തീയാണ്.
സണ്‍റൈസേഴ്സ്
ബാക്കി മത്സരങ്ങള്‍: ചെന്നൈ, ബംഗളൂരു
19-ാം സീസണ് ലീഗ് റൗണ്ടില്‍ രണ്ടാംപകുതിയില്‍ കുതിക്കുന്ന ടീമുകളില്‍ ഒന്നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ആദ്യ നാലു മത്സരങ്ങളില്‍ മൂന്നും പരാജയപ്പെട്ടശേഷമാണ് ടീം തിരിച്ചെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകള്‍ക്ക് എതിരേയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ രണ്ടു ടീമും പ്ലേ ഓഫ് പോരാട്ട രംഗത്തുള്ളതാണ്.
ഗുജറാത്ത് ടൈറ്റന്‍സ്
ബാക്കി മത്സരങ്ങള്‍: കോല്‍ക്കത്ത, ചെന്നൈ
ലീഗിന്റെ രണ്ടാംപകുതിയിലെ കുതിപ്പിലൂടെ പ്ലേ ഓഫ് സാധ്യതാ പട്ടികയില്‍ സജീവമായുള്ള ടീമാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ ഏഴ് മത്സരങ്ങളില്‍ നാലിലും ഗുജറാത്ത് പരാജയപ്പെട്ടിരുന്നു. ലീഗ് ടേബിളില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്ക് എതിരേയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ബാക്കി മത്സരങ്ങള്‍: ലക്നോ, ഹൈദരാബാദ്, ഗുജറാത്ത്
സീസണില്‍ തുടരെ മൂന്നു തോല്‍വിയോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ലീഗ് ആരംഭിച്ചത്. പിന്നീടു കളിച്ച എട്ട് മത്സരങ്ങളില്‍ ആറ് എണ്ണത്തില്‍ ജയം. പ്ലേ ഓഫ് കാണാതെ പുറത്തായ ലക്നോ സൂപ്പര്‍ ജയന്റ്സ്, പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എതിരാളികള്‍. സഞ്ജു സാംസണിന്റെ ബാറ്റിനെ ആശ്രയിച്ചാണ് ചെന്നൈയുടെ ജയങ്ങള്‍. ജയിച്ച ആറ് മത്സരത്തില്‍ അഞ്ചിലും സഞ്ജുവിന്റെ ഇന്നിംഗ്സ് പവര്‍പ്ലേ കടന്നിരുന്നു. സഞ്ജു പവര്‍പ്ലേയ്ക്കു മുമ്പ് പുറത്തായപ്പോള്‍ ഒരു തവണ മാത്രമാണ് സിഎസ്കെ ജയിച്ചത്.
രാജസ്ഥാന് റോയല്‍സ്
ബാക്കി മത്സരങ്ങള്‍: ഡല്‍ഹി, ലക്നോ, മുംബൈ
ലീഗിന്റെ രണ്ടാംപകുതിയില്‍ മോശം ഫോമിലുള്ള ടീമാണ് രാജസ്ഥാന് റോയല്‍സ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടു. മൂന്ന്, നാല് സ്ഥാനങ്ങളിലേക്കാണ് രാജസ്ഥാന് റോയല്‍സിന്റെ ശ്രമം. പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകള്‍ക്കെതിരേയാണ് ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ട് എണ്ണം.
നൈറ്റ് റൈഡേഴ്സ്
ബാക്കി മത്സരങ്ങള്‍: ബംഗളൂരു, ഗുജറാത്ത്, മുംബൈ, ഡല്‍ഹി
ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ബാക്കിയുള്ള ടീമാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അതായത്, ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാല്‍ എട്ട് പോയിന്റ് കെകെആറിനു സ്വന്തമാക്കാം. മാത്രമല്ല, ശേഷിക്കുന്ന നാലില്‍ അവസാന മൂന്ന് എണ്ണവും സ്വന്തം തട്ടകമായ ഈഡന് ഗാന്ഡന്സിലാണെന്നതും കോല്‍ക്കത്തയ്ക്ക് അനുകൂല ഘടകമാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ബാക്കി മത്സരങ്ങള്‍: രാജസ്ഥാന്, കോല്‍ക്കത്ത
ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലേ ഓഫ് സ്വപ്നം സഫലമാകാന്‍ സാധ്യതയുള്ളൂ. പഞ്ചാബ് കിംഗ്സിന് എതിരേ ധര്‍മശാലയില്‍ 210 റണ്‍സ് ചേസ് ചെയ്ത് ജയിച്ചവരാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. രണ്ടു ജയം നേടിയാല്‍പോലും 14 പോയിന്റില്‍ എത്താനേ ഡല്‍ഹിക്കു സാധിക്കൂ. ആദ്യ മൂന്നു ടീമുകള്‍ക്കും 14+ പോയിന്റുണ്ട്. ആദ്യ മൂന്നു ടീമുകൾ ഏല്ലാ മത്സരങ്ങളും ജയിക്കുകയും ബാക്കി ടീമുകൾ തോൽക്കുകയും വേണം.
Sports
റായ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ക്ലബ്ബായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുഖ്യപരിശീലകന്‍ ആന്‍ഡ് ഫ്ളവറിനു പിഴ ശിക്ഷ.
മുംബൈ ഇന്ത്യന്‍സിന് എതിരേ രണ്ട് വിക്കറ്റ് ജയം നേടിയ മത്സരത്തിനിടെ ഫോര്‍ത്ത് അമ്പയറിനോട് കയര്‍ത്തതിനാണ് ശിക്ഷ. മത്സരത്തിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. മാച്ച് ഫീസിന്റെ 15 ശതമാനമാണ് ശിക്ഷ.
മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 2026 സീസണില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനു പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമാണ് മുംബൈ.
Sports
ലക്നോ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ പ്രിന്‍സ് യാദവ് പുറത്താക്കിയത്, കോഹ്ലിയുടെ വാക്കുകള്‍തന്നെ അക്ഷരംപ്രതി നടപ്പിലാക്കി.
മഴയില്‍ ഇടയ്ക്കു മുടങ്ങിയ മത്സരത്തില്‍ കോഹ്ലിയെ പൂജ്യത്തിനു ബൗള്‍ഡാക്കിയാണ് പ്രിന്‍സ് യാദവ് വിക്കറ്റാഘോഷിച്ചത്. കോഹ്ലി പറഞ്ഞുതന്ന തന്ത്രമാണ് അദ്ദേഹത്തിനെതിരേതന്നെ പ്രയോഗിച്ചതെന്നു മത്സരശേഷം പ്രിന്‍സ് യാദവ് വെളിപ്പെടുത്തി.
“അവസാന മത്സരശേഷം വിരാട് ഭയ്യയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുതന്നത് ഇങ്ങനെ: ലെംഗ്ത് ബോള്‍ കൃത്യമായി മൂവ് ചെയ്യുന്നുണ്ടെന്നു മനസിലായാല്‍, അതില്‍ത്തന്നെ തുടരുക”- പ്രിന്‍സ് യാദവ് പറഞ്ഞു.
2023 ഏപ്രിലിനുശേഷം കോഹ്ലി ഐപിഎല്ലില്‍ പൂജ്യത്തിനു പുറത്താകുന്നത് ഇതാദ്യമായിരുന്നു. 140.4 കിലോമീറ്റര്‍ വേഗത്തില്‍ പ്രിന്‍സ് യാദവ് എറിഞ്ഞ ഗുഡ് ലെംഗ്ത് പന്തിലായിരുന്നു കോഹ്ലിയുടെ വിക്കറ്റ് തെറിച്ചത്.
ദേവ്ദത്ത് പടിക്കല്‍ (34), ജിതേഷ് ശര്‍മ (1) എന്നിവരുടെ വിക്കറ്റും പ്രിന്‍സിനായിരുന്നു. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഒമ്പത് റണ്‍സിന് ലക്നോ സൂപ്പര്‍ ജയന്റ്സ് ജയിച്ച മത്സരത്തില്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി പ്രിന്‍സ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.
56 പന്തില്‍ 111 റണ്‍സ് നേടിയ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ മിച്ചല്‍ മാര്‍ഷാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: ലക്നോ സൂപ്പര്‍ ജയന്റ്സ് 19 ഓവറില്‍ 209/3. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 19 ഓവറില്‍ 203/6. മഴയെത്തുടര്‍ന്ന് മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു.
Sports
കൈ വഴുതി എന്തെങ്കിലുമൊക്കെ നിലത്ത് വീഴുമ്പോള്‍ തനിനാടന്‍ പ്രയോഗത്തിലൂടെ ആളുകള്‍ ഇങ്ങനെ ചോദിക്കാറുണ്ട്; എന്താ നിന്റെ കൈക്ക് എല്ലില്ലേ..? അതെ, ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കളിക്കുന്ന, രണ്ടുമാസത്തിനിടെ ലക്ഷങ്ങളും കോടികളും പ്രതിഫലം കൈപ്പറ്റുന്ന ചില കളിക്കാരോടും ആരാധകര്‍ക്ക് ഇതേ ചോദ്യം; താങ്കളുടെ കൈക്ക് എല്ലില്ലേ, കൈ മുഴുവന്‍ ചോരുവാണല്ലോ..?
ഇത്തരം ചര്‍ച്ചയ്ക്കു കാരണം, ഐപിഎല്‍ 2026 സീസണില്‍ ക്യാച്ച് കാര്യക്ഷമതയില്‍ താരങ്ങളുടെ പിന്നോട്ടുപോക്കാണ്. 19-ാം സീസണ് ഐപിഎല്ലില്‍ ഏറ്റവും മോശം ക്യാച്ചിംഗ് കാര്യക്ഷമതയുള്ള ടീം ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. 71.43 ശതമാനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാച്ച് കാര്യക്ഷമത.
തൊട്ടുമുകളിലുള്ള ടീം പഞ്ചാബ് കിംഗ്സ് ആണ്. 2026 സീസണില്‍ പഞ്ചാബ് കിംഗ്സിന് ലഭിച്ച 56 ക്യാച്ച് ചാന്‍സില്‍ 16ഉം അവര്‍ നിലത്തിട്ടു. ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതിരുന്ന പഞ്ചാബ്, അവസാനം കളിച്ച മൂന്നു മത്സരത്തിലും പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നതിന്റെ പ്രധാന കാരണം ക്യാച്ചുകള്‍ നിലത്തട്ടതാണ്.
പഞ്ചാബ് കിംഗ്സ് 33 റണ്‍സിനു തോറ്റ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇഷാന് കിഷനെയും ഹെന്റിച്ച് ക്ലാസനെയും മൂന്നു തവണ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടു.
എന്നാലും ശശാങ്കേ...
2026 ഐപിഎല്ലില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമാക്കി മാറ്റിയിരിക്കുന്നത് പഞ്ചാബിന്റെ ശശാങ്ക് സിംഗ് ആണ്. ശശാങ്ക് ഉള്ളിടത്തേക്ക് പന്ത് എത്തുകയാണെന്നാണ് കോച്ച് റിക്കി പോണ്ടിംഗ് പോലും പറഞ്ഞത്. പഞ്ചാബ് പരാജയപ്പെട്ട അവസാന മൂന്നു മത്സരങ്ങളിലായി അഞ്ച് ക്യാച്ച് ശശാങ്ക് സിംഗ് നിലത്തിട്ടു.
Sports
അഹമ്മദാബാദ്: 2026 സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫ് വേദികള്‍ ബിസിസിഐ പ്രഖ്യാപിച്ചു.
ഈ മാസം 26 മുതല്‍ 31വരെയാണ് പ്ലേ ഓഫ്, ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍. മുമ്പ് പ്രഖ്യാപിച്ചതില്‍നിന്നു വ്യത്യസ്തമായി ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.
ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
പ്ലേ ഓഫ് ഫിക്സ്ചര്‍
ക്വാളിഫയര്‍ 1:
മേയ് 26- ധര്‍മശാല
എലിമിനേറ്റര്‍:
മേയ് 27- ചണ്ഡിഗഡ്
ക്വാളിഫയര്‍ 2:
മേയ് 29- ചണ്ഡിഗഡ്
ഫൈനല്‍:
മേയ് 31- അഹമ്മദാബാദ്
Sports
പേസ് ബൗളിംഗില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവയ്ക്കുന്ന, 380 ഡിഗ്രി ആര്‍ക്കില്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ മിടുക്കനായിരുന്നു സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ ട്വന്റി-20 ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഈ സൂപ്പര്‍ ബാറ്റര്‍ 2026 സീസണില്‍ തികഞ്ഞ പരാജയമായി.
10 ഇന്നിംഗ്സില്‍നിന്ന് 195 റണ്‍സ് മാത്രമാണ് 19-ാം സീസണ് ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. ശരാശരി 19.50, സ്ട്രൈക്ക്റേറ്റ് 145.52. ഉയര്‍ന്ന സ്കോര്‍ 51. അഞ്ച് സിക്സ് മാത്രമാണ് ആദ്യ പത്ത് മത്സരത്തിനിടെ സൂര്യകുമാറിന്റെ ബാറ്റില്‍നിന്നു പിറന്നതെന്നതാണ് ഏറ്റവും ദയനീയം.
2026 ഐപിഎല്‍ സീസണിനു മുമ്പുതന്നെ സൂര്യകുമാര്‍ യാദവ് ഔട്ട് ഓഫ് ഫോം ആയിരുന്നു. 2026 ട്വന്റി-20 ലോകകപ്പില്‍ അടക്കം സൂര്യകുമാറിന്റെ സ്ഫോടനാത്മക ബാറ്റിംഗ് കാണാക്കാഴ്ചയായി. 2026 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും സൂര്യകുമാര്‍ യാദവിനു കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.
ആക്രമിച്ചു തുടങ്ങുന്ന ഇന്നിംഗ്സുകള്‍ക്ക് ദൈര്ഘ്യമില്ലെന്നതാണ് സൂര്യകുമാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അവസാന മത്സരത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിന് എതിരേ ഏഴ് പന്തില്‍ രണ്ട് ഫോറിന്റെ സഹായത്തോടെ 12 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്തായി.
പേസില്‍ പിഴയ്ക്കുന്നു
സൂര്യകുമാര്‍ യാദവ് തന്റെ ട്വന്റി-20 രാജ്യാന്തര കരിയറിലെ റണ്‍ വേട്ട ആരംഭിച്ചത് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ സിക്സര്‍ പറത്തിയായിരുന്നു. എന്നാല്‍, 2026 ഐപിഎല്ലില്‍ പേസര്‍മാര്‍ക്ക് എതിരേ സൂര്യകുമാര്‍ യാദവിനു കാര്യമായി ആക്രമണം നടത്താന്‍ സാധിക്കുന്നില്ല. ഈ സീസണില്‍ 10 മത്സരങ്ങള്‍ കളിച്ചതില്‍ എട്ട് തവണയും പേസര്‍മാര്‍ക്കാണ് സൂര്യകുമാര്‍ യാദവ് വിക്കറ്റ് നല്‍കിയത്.
19-ാം സീസണ് ഐപിഎല്ലില്‍ പേസ് ബൗളര്‍മാര്‍ക്ക് എതിരേ വെറും 86 റണ്‍സ് മാത്രമാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ശരാശരി 10.75 മാത്രം. പേസര്‍മാര്‍ക്ക് എതിരായ ഡോട്ട്ബോള്‍ ശതമാനം 39.7, സ്ട്രൈക്ക് റേറ്റ് 138.7.
2026 ഐപിഎല്ലില്‍ ചുരുങ്ങിയത് 50 പേസ് ബോളുകള്‍ നേരിട്ടത്തില്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റില്‍ 51-ാമതാണ് സൂര്യകുമാര്‍ യാദവ് എന്നതും വാസ്തവം.
കോച്ച് പറയുന്നത്
മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനെ പറയുന്നത് ഇങ്ങനെ: “സൂര്യകുമാര്‍ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് ചലിപ്പിക്കുന്നത്. അയാള്‍ പുറത്തായതില്‍ മഹാഭൂരിപക്ഷവും ബൗണ്ടറി ലൈനിലെ ക്യാച്ചിലൂടെയാണ്. ആ ഷോട്ടുകളില്‍ അല്പംകൂടി ദൈര്ഘ്യത്തിലായിരുന്നെങ്കില് പുറത്താകലുകള്‍ സംഭവിക്കില്ലായിരുന്നു”.
ഫ്ളിക്കില്‍ ഡീപ് സ്ക്വയര്‍ ലെഗിലും പുള്‍ഷോട്ടില്‍ ഫൈന്‍ ലെഗിലും ക്യാച്ച് നല്‍കിയാണ് സൂര്യ പുറത്തായത്. അദ്ദേഹത്തിന്റെ ഏറ്റവും ഫലപ്രദമായ ഷോട്ടുകളാണ് ഇതെന്നതും ശ്രദ്ധേയം.
ബാറ്റും പ്രായവും
ഷോട്ട് എടുക്കുമ്പോഴുള്ള വേഗതക്കുറവാണ് സൂര്യകുമാറിന്റെ പുറത്താകലിനു കാരണമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഷോര്‍ട്ട്, ഷോര്‍ട്ട് ഓഫ് ഗുഡ്ലെംഗ്ത് പന്തുകളില്‍ തന്റെ പഴയ ആക്രമണോത്സുകത നഷ്ടപ്പെട്ടു. ഈ പന്തുകളിലായിരുന്നു സൂര്യകുമാര്‍ തന്റെ കടന്നാക്രമണം നടത്തിയിരുന്നത്. 2026 സീസണില്‍ ഷോര്‍ട്ട്, ഷോര്‍ട്ട് ഓഫ് ഗുഡ്ലെംഗ്ത് പന്ത് 28 തവണ നേരിട്ടതില്‍ 31 റണ്‍സ് മാത്രമേ നേടിയുള്ളൂ. അഞ്ച് തവണ പുറത്താകുകയും ചെയ്തു.
ഷോര്‍ട്ട് എടുക്കുമ്പോള്‍ ചെറിയ വേഗക്കുറവ് സൂര്യക്ക് ഇപ്പോഴുണ്ടെന്ന് മുന്‍താരം അമ്പാട്ടി റായുഡു ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷേ, ബാറ്റിന്റെ കനം അല്പം കുറച്ചാല്‍, കൈയുടെ ചടുലത തിരിച്ചുകൊണ്ടുവരാന്‍ സൂര്യകുമാറിനു സാധിച്ചേക്കുമെന്നും അമ്പാട്ടി റായുഡു നിരീക്ഷിച്ചു.
പ്രായമേറുന്നതും പ്രശ്നമായി കരുതപ്പെടുന്നുണ്ട്. ബാറ്റ് എത്തേണ്ടിടത്ത് ശരീരം എത്തുന്നില്ലെന്നതാണ് പ്രശ്നം. 2026 സീസണില്‍ ശേഷിക്കുന്ന നാല് ഇന്നിംഗ്സിനിടെ സൂര്യക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുമോ..? കാത്തിരുന്നു കാണാം...
Sports
ന്യൂഡല്‍ഹി: സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ടീം ഇന്ത്യക്ക് റാങ്കിംഗിലും എതിരാളികളില്ല.
ഐസിസി പുരുഷ ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. 275 പോയിന്റാണ് ഇന്ത്യള്ളത്. 262 പോയിന്റുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 258 പോയിന്റുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുണ്ട്.
2024ലും 2026ലും പുരുഷ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യക്ക് റാങ്കിംഗില്‍ വെല്ലുവിളിയില്ല. ഈ രണ്ട് ടൂര്‍ണമെന്റുകള്‍ക്കിടയിലുള്ള എല്ലാ ട്വന്റി-20 പരമ്പരകളും സൂര്യകുമാറും സംഘവും സ്വന്തമാക്കിയിരുന്നു.
പുരുഷ റാങ്കിംഗില്‍ ന്യൂസിലന്‍ഡ് (247 പോയിന്റ്), ദക്ഷിണാഫ്രിക്ക (244 പോയിന്റ്), പാക്കിസ്ഥാന് (240), വെസ്റ്റ് ഇന്‍ഡീസ് (233) എന്നിവരാണ് നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍.
ആറ് റേറ്റിംഗ് പോയിന്റുകള്‍ കുറഞ്ഞ് ശ്രീലങ്ക (220) ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശ് (225 പോയിന്റ്) എട്ടാം സ്ഥാനത്താണ്. 219 പോയിന്റുമായി പത്താം സ്ഥാനത്ത് അഫ്ഗാനിസ്ഥാനും സിംബാബ്വെയും അയര്‍ലന്‍ഡും 11, 12 സ്ഥാനങ്ങളിലും തുടരുന്നു.
ട്വന്റി-20 ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഇറ്റലി 11 പോയിന്റ് നേടി 26-ാം സ്ഥാനത്തുനിന്ന് 23-ാം സ്ഥാനത്തേക്കുയര്‍ന്നു.
Sports
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ മാസ് പ്രകടനം. ലക്നോ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിന് മുംബൈ ഇന്ത്യൻസ് കീഴടക്കി. ലക്നോ മുന്നോട്ടുവച്ച 229 റണ്‍സ് എന്ന ലക്ഷ്യം എട്ട് പന്ത് ബാക്കിവച്ച് മുംബൈ സ്വന്തമാക്കി. സ്കോർ: ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 228/5. മുംബൈ ഇന്ത്യൻസ് 18.4 ഓവറിൽ 229/4.
ഓപ്പണർമാരായ റയാൻ റിക്കൽടണ് (32 പന്തിൽ എട്ട് സിക്സും ആറ് ഫോറും അടക്കം 83), രോഹിത് ശർമ (44 പന്തിൽ ഏഴ് സിക്സും ആറ് ഫോറും അടക്കം 84) എന്നിവരുടെ ഇന്നിംഗ്സാണ് മുംബൈക്ക് ജയമൊരുക്കിയത്. ഇവർ ആദ്യ വിക്കറ്റിൽ 10.5 ഓവറിൽ 143 റണ്‍സ് അടിച്ചെടുത്തു. നമാൻ ധിർ (23), വിൽ ജാക്സ് (10) എന്നിവർ പുറത്താകാതെ നിന്നു.
പുരാന് പവര്‍
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 2026 ഐപിഎല്‍ സീസണ് പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമായിരുന്നു വാങ്കഡെയില്‍ അരങ്ങേറിയ മുംബൈ ഇന്ത്യന്‍സ് x ലക്നോ സൂപ്പര്‍ ജയന്റ്സ്.
വിവാഹ അവധിക്കുശേഷം തിരിച്ചെത്തിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോഷ് ഇംഗ്ലിസും മിച്ചല്‍ മാര്‍ഷുമായിരുന്നു ലക്നോയുടെ ഓപ്പണര്‍മാര്‍. 8.60 കോടി രൂപയ്ക്ക് ലക്നോ സ്വന്തമാക്കിയ ഇംഗ്ലിസ് സീസണിലെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് പന്തില്‍ 13 റണ്‍സുമായി മടങ്ങി. മൂന്നാം നമ്പറില്‍ എത്തിയ നിക്കോളാസ് പുരാനായിരുന്നു ലക്നോ സ്കോര്‍ വേഗത്തിലാക്കിയത്.
2026 സീസണില്‍ ആദ്യമായി മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ഥാനം ലഭിച്ച നിക്കോളാസ് പുരാന്, നേരിട്ട 16-ാം പന്തില്‍ അര്‍ധസെഞ്ചുറി നേടി. മൂന്നാം നമ്പറാണ് തന്റെ യഥാര്‍ഥ ഇടമെന്നു വ്യക്തമാക്കുന്ന ഇന്നിംഗ്സായിരുന്നു പുരാന് കാഴ്ചവച്ചത്. 21 പന്തില്‍ എട്ട് സിക്സും ഒരു ഫോറും അടക്കം 63 റണ്‍സ് നേടിയാണ് പുരാന് മടങ്ങിയത്. ഒമ്പതാം ഓവര്‍ എറിയാന്‍ എത്തിയ കോര്ബിന് ബോഷിന്റെ ആദ്യ പന്തില്‍ വിക്കറ്റിനു പിന്നില്‍ റയാന് റിക്കല്‍ടണിന്റെ ക്യാച്ചിലൂടെ പുരാന് പുറത്ത്.
ഓവറിലെ അഞ്ചാം പന്തില്‍ മിച്ചല്‍ മാര്‍ഷും മടങ്ങി. 25 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും അടക്കം 44 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം. പുരാന്-മാര്‍ഷ് കൂട്ടുകെട്ട് 35 പന്തില്‍ 94 റണ്‍സ് അടിച്ചുകൂട്ടി.
ക്യാപ്റ്റന്‍ ഋഷഭ് പന്ത് (10 പന്തില്‍ 15) വില്‍ ജാക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പറിനു ക്യാച്ച് നല്കി മടങ്ങി. അഞ്ചാം നന്പറായി എത്തിയ എയ്ഡൻ മാർക്രവും (25 പന്തിൽ 31 നോട്ടൗട്ട്) ഏഴാം നന്പറായി എത്തിയ ഹിമ്മത്ത് സിംഗും (31 പന്തിൽ 40 നോട്ടൗട്ട്) ചേർന്ന് ആറാം വിക്കറ്റിൽ 49 പന്തിൽ 68 റൺസ് അടിച്ചെടുത്തു. അതോടെ ലക്നോയുടെ സ്കോർ 228ൽ എത്തി.
ഹാര്‍ദിക് ഇല്ല, രോഹിത് ഇന്‍
മുംബൈ ഇന്ത്യന്‍സില്‍ പുറംവേദനയെത്തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്തിരുന്നപ്പോള്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്. അതേസമയം, അവസാന അഞ്ച് മത്സരത്തിലും പുറത്തിരുന്ന രോഹിത് ശര്‍മ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.
കാല്‍തുടയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്നായിരുന്നു രോഹിത് സൈഡ് ബെഞ്ചിലേക്ക് മാറിയത്.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം എം.എസ്. ധോണി പുറത്തേക്കെന്നു സൂചന.
നാളെ ഡല്‍ഹിയില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടത്തിലും ധോണി ഇല്ല. ടീമിനൊപ്പം ധോണി ഡല്‍ഹിയിലേക്കു യാത്ര ചെയ്തില്ല.
ചെന്നൈ ടീമനൊപ്പം ഹൈദരാബാദിലും മുംബൈയിലും ധോണി എവേ പോരാട്ടത്തിന് എത്തിയെങ്കിലും കരയ്ക്കിരുന്നതേയുള്ളൂ. പരിക്കേറ്റ് വിശ്രമത്തിലുള്ള ധോണി ഈ സീസണില്‍ കളിക്കുമോ എന്ന ചോദ്യത്തില്‍നിന്ന് സിഎസ്കെ മാനേജമെന്റ് ഒഴിഞ്ഞുമാറിയെന്നതും ശ്രദ്ധേയം.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ‘തല’യുടെ തിരിച്ചുവരവിനായി ആരാധകര്‍ ഇനിയും കാത്തിരിക്കണമെന്ന സൂചന നല്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസി.
സിഎസ്കെ താരമായ എം.എസ്. ധോണി കാല്‍മസിലിനേറ്റ പരിക്കിനെത്തുടര്‍ന്ന് 2026 സീസണ് ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല.
“ധോണി സുഖംപ്രാപിക്കുന്നു. എത്രയും വേഗം തിരിച്ചെത്തുമെന്നാണു കരുതുന്നത്. ഓടുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്’’- ഹസി പറഞ്ഞു.
Sports
ലക്നോ: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടീമായ ലക്നോ സൂപ്പര്‍ ജയന്റ്സില്‍.
തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ ലക്നോ ജഴ്സിയില്‍ ഇംഗ്ലിസ് ഇറങ്ങുമെന്നാണ് സൂചന. ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ ബാറ്റർ മാത്യു ബ്രീറ്റ്സ്കെ വ്യക്തിപരമായ കാരണങ്ങളാല്‍ മടങ്ങി.
വിവാഹിതനാകുന്നതിനാല്‍, 19-ാം സീസണ് ഐപിഎല്ലില്‍ മുഴുവനായി പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഇംഗ്ലിസ് അറിയിച്ചിരുന്നു.
പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്ത ഇംഗ്ലിസിനെ, 8.60 കോടി രൂപയ്ക്കാണ് ലക്നോ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയത്. ഏപ്രില്‍ 18നായിരുന്നു ജോഷ് ഇംഗ്ലിസും മേഗന് കിന്കാര്ട്ടും തമ്മിലുള്ള വിവാഹം.
Sports
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിന്റെ കൗമാര സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയുടെ വിക്കറ്റ് നേട്ടം അമിതമായി ആഘോഷിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണിനു താക്കീതും ഡിമെറിറ്റ് പോയിന്റും. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ വണ്‍ അനുസരിച്ചാണ് ശിക്ഷ.
ജയ്പുരില്‍ നടന്ന മത്സരത്തില്‍ ജാമിസണിന്റെ നേരിട്ട ആദ്യപന്ത് വൈഭവ് ബൗണ്ടറി കടത്തിയിരുന്നു. എന്നാല്‍, തൊട്ടടുത്ത പന്തില്‍ വൈഭവിന്റെ വിക്കറ്റ് ജാമിസണ് ഇളക്കി. 15കാരനായ വെടിക്കെട്ട് ബാറ്ററിന്റെ വിക്കറ്റ് നേട്ടം ന്യൂസിലന്‍ഡ് താരം ആര്‍ത്തുല്ലസിച്ച് ആഘോഷിച്ചു. ഇതാണ് ബിസിസിഐക്കു പിടിക്കാതിരുന്നത്.
രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് വൈഭവ് സൂര്യവംശി എടുത്തത്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (50 പന്തില്‍ 90), ഡൊണോവന്‍ പെരേര (14 പന്തില്‍ 47 നോട്ടൗട്ട്), ധ്രുവ് ജുറെല്‍ (30 പന്തില്‍ 42) എന്നിവരുടെ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 225/6 എന്ന സ്കോര്‍ സ്വന്തമാക്കി.
റിക്കാര്‍ഡ് ചേസിംഗ്
കെ.എല്‍. രാഹുല്‍ (40 പന്തില്‍ 75), പാത്തും നിസാങ്ക (33 പന്തില്‍ 62), നിതീഷ് റാണ (17 പന്തില്‍ 33) എന്നിവരിലൂടെ തിരിച്ചടിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് 19.1 ഓവറില്‍ 226/3 അടിച്ചെടുത്ത് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസിംഗാണിത്.
സ്റ്റാര്‍ക്ക് റിട്ടേണ്‍സ്
ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആഘോഷിച്ചു. 2026 സീസണില്‍ കളിച്ച ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് സ്റ്റാര്‍ക്ക് പുറത്താക്കിയത്.
Sports
ശരിക്കും മുംബൈ ഇന്ത്യന്‍സിന്റെ പ്രശ്നം എന്താണ്...? ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയോ..? ജസ്പ്രീത് ബുംറ-ട്രെന്റ് ബോള്‍ട്ട് എന്നീ ലോകോത്തര ബൗളര്‍മാര്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങളായി മാറിയതോ..? എത്ര വലിയ സ്കോര്‍ പടുത്തുയര്‍ത്തിയാലും ജയിക്കാന്‍ സാധിക്കാത്ത ബലഹീന ബൗളിംഗാണ് മുംബൈ ഇന്ത്യന്‍സിന്റേത് എന്ന് ഐപിഎല്‍ 19-ാം സീസണില്‍ വീണ്ടും തെളിയുന്നു. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവച്ച 244 റണ്‍സ് എന്ന ലക്ഷ്യം കഴിഞ്ഞദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.4 ഓവറിൽ മറികടന്നു.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിംഗ്, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ റണ്‍ ചേസിംഗ് തുടങ്ങിയ റിക്കാര്‍ഡുകള്‍ അന്നു പിറന്നു. പവര്‍പ്ലേയില്‍ മുംബൈ വഴങ്ങിയ 92 റണ്‍സ് അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്നതും ശ്രദ്ധേയം. ഇതിന്റെ ഉത്തരവാദികള്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും നയിച്ച ബൗളിംഗ് ആണെന്നതില്‍ തര്‍ക്കമില്ല.
ബുംറയ്ക്ക് എന്തുപറ്റി
പരിക്കിനുശേഷം തിരിച്ചെത്തിയ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞെന്നതു വാസ്തവം. 2024 ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യ നേടുന്നതില്‍ നിര്‍ണായകമായത് ബുംറയുടെ തീതുപ്പിയ പന്തുകളായിരുന്നു. എന്നാല്‍, 2026 ഐസിസി ട്വന്റി-20 ലോകകപ്പിനു മുമ്പുതന്നെ ബുംറയുടെ തിളക്കം നഷ്ടപ്പെട്ടു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ 19-ാം സീസണ് ഐപിഎല്ലില്‍ കണ്ടുവരുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ബുംറ വിക്കറ്റ് നേടിയില്ല. അഞ്ച് സിക്സാണ് ബുംറ വഴങ്ങിയത്. ട്വന്റി-20 ചരിത്രത്തില്‍ ഇതിനു മുമ്പ് മൂന്നു തവണ ബുംറ 50+ റണ്‍സ് വഴങ്ങിയിട്ടുണ്ട്. 2015 ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരേ 55, 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ 56, ഐസിസി ട്വന്റി-20 ലോകകപ്പിനു മുമ്പായി തിരുവനന്തപുരത്ത് ന്യൂസിലന്‍ഡിന് എതിരായ മത്സരത്തില്‍ 58.
2026 ഐപിഎല്ലില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ബുംറ 180 പന്ത് എറിഞ്ഞു. 264 റണ്‍സ് വഴങ്ങി. നേടിയത് രണ്ട് വിക്കറ്റ് മാത്രം. 8.80 ആണ് ഇക്കോണമി. 2015നുശേഷം ബുംറയുടെ ഏറ്റവും മോശം ഇക്കോണമിയാണിത്. 2015 സീസണില്‍ നാല് മത്സരം മാത്രം കളിച്ച ബുംറയുടെ ഇക്കോണമി 12.26 ആയിരുന്നു. എന്നാല്‍, പിന്നീട് ബുംറ കത്തിക്കയറി. ആ കത്തല് ഇത്തവണ ഇല്ലാതായി. 2025 ഐപിഎല്ലില്‍ 6.68 ഇക്കോണമിയില്‍ 18 വിക്കറ്റ് ബുംറയ്ക്കുണ്ടായിരുന്നു.
ബോള്‍ട്ട് ഇളകി
2026 സീസണില്‍ ട്രെന്റ് ബോള്‍ട്ടും തികച്ചും ഫോം ഔട്ടാണ്. നാല് മത്സരത്തില്‍ മാത്രമാണ് ബോള്‍ട്ട് ഇതുവരെ ഇറങ്ങിയത്. 78 പന്ത് എറിഞ്ഞു. 151 റണ്‍സ് വഴങ്ങി. വീഴ്ത്തിയത് വെറും രണ്ട് വിക്കറ്റ്. ഇക്കോണമി 11.62. ന്യൂസിലന്‍ഡ് പേസറിന്റെ 2015 മുതലുള്ള ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇക്കോണമി 10നു മുകളില്‍ കയറുന്നത്. 2025 സീസണില്‍ 8.97 ഇക്കോണമിയില്‍ 22 വിക്കറ്റ് വീഴ്ത്തിയ പേസറാണ് ബോള്‍ട്ട് എന്നതും ശ്രദ്ധേയം.
ജസ്പ്രീത് ബുംറ
2026 ഐപിഎൽ
മത്സരം: 08
വിക്കറ്റ്: 02
വഴങ്ങിയ റണ്‍സ്: 264
ഇക്കോണമി: 8.80
ട്രെന്റ് ബോൾട്ട്
2026 ഐപിഎൽ
മത്സരം: 04
വിക്കറ്റ്: 02
വഴങ്ങിയ റണ്‍സ്: 151
ഇക്കോണമി: 11.62
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണിലെ തരംഗം ആരാണെന്നതിന് ഒരുത്തരം മാത്രം. രാജസ്ഥാന് റോയല്‍സിന്റെ 15കാരനായ വൈഭവ് സൂര്യവംശി.
2026 സീസണിലെ 40 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ (എംവിപി) പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതും വൈഭവ് സൂര്യവംശി തന്നെ. ഈ സീസണില്‍ ഏറ്റവും ആദ്യം 400 റണ്‍സ് പൂര്‍ത്തിയാക്കിയതും ഈ കൗമാരതാരം. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ വൈഭവ്, 44.44 ശരാശരിയില്‍ 400 റണ്‍സ് സ്വന്തമാക്കി.
മത്സരത്തിന്റെ ഗതിനിര്‍ണയിക്കുന്ന സംഭാവനയുടെ കണക്കാണ് എംവിപിയില് പരിഗണിക്കുന്നത്. കളിക്കാരുടെ ബാറ്റിംഗ്/ബൗളിംഗ് പ്രകടനം ഒരു മത്സരത്തില്‍ എത്രമാത്രം ഇംപാക്ട് ഉണ്ടാക്കുന്നു എന്നതാണ് ഇവിടത്തെ അളവുകോല്‍.
►എംവിപി പട്ടിക◄
ഈ സീസണിലെ ഏറ്റവും വലിയ ഇംപാക്ട് കാഴ്ചവച്ച താരങ്ങളുടെ പട്ടികയില്‍ 495.9 റേറ്റിംഗുമായാണ് വൈഭവ് സൂര്യവംശി ഒന്നാം സ്ഥാനത്തുള്ളത്. ഇംപാക്ട് പെര് മാച്ച് റേറ്റിംഗ് 55. അതായത് ഒരു മത്സരത്തില്‍ വൈഭവിന്റെ ഇംപാക്ട്, ടീമിന്റെ ആകെ കോണ്ട്രിബ്യൂഷന്റെ പകുതിയില്‍ അധികം വരും.
►റബാഡ, അഭിഷേക്◄
എംവിപി ഓഫ് ദ സീരീസ് പട്ടികയില്‍ വൈഭവ് സൂര്യവംശിയുടെ പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസൊ റബാഡയാണ്. ആദ്യ 40 മത്സരങ്ങള്‍ (പഞ്ചാബ് കിംഗ്സ് x രാജസ്ഥാന് റോയല്‍സ് പോരാട്ടം വരെ) പൂര്‍ത്തിയായപ്പോള്‍, റബാഡയുടെ ഇംപാക്ട് റേറ്റിംഗ് 409.5. ഇംപാക്ട് പെര് മാച്ച് 51.1. എട്ട് മത്സരത്തില്‍നിന്ന് 35 റണ്‍സും 13 വിക്കറ്റും റബാഡ ഇതുവരെ സ്വന്തമാക്കി.
രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ (400.9), സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇടംകൈ ഓപ്പണര്‍ അഭിഷേക് ശര്‍മ (385.3), പഞ്ചാബ് കിംഗ്സിന്റെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ (382.9), സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഇഷാന് കിഷന് (381.7), ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് (369.4) എന്നിവരാണ് എംവിപി പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനത്ത് നിലവില്‍ ഉള്ളത്.
Sports
ബംഗളൂരു: ഐപിഎൽ 2026 സീസണിൽ ഇന്ത്യൻ ബാറ്റർമാരുടെ താണ്ഡവം. സ്ട്രൈക്ക് റേറ്റിലും അഗ്രസീവ് ബാറ്റിംഗിലും ക്യാപ്ഡ്- അണ്‍ക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ കരുത്തുകാട്ടുന്നു. വിദേശ താരങ്ങളുടെ സംഭാവന പേരിലൊതുങ്ങി. സ്ട്രൈക്ക് റേറ്റിലും റണ്‍സ് അടിച്ചെടുക്കുന്നതിലും അണ്‍ക്യാപ്ഡ് താരങ്ങൾ കരുത്തുകാട്ടുന്ന പ്രതീക്ഷയുടെ കാഴ്ചയും സീസണിൽ അരങ്ങുവാഴുകയാണ്.
സീസണിലെ 38 മത്സരങ്ങൾ പിന്നിട്ടപ്പോൾ 154.17 സ്ട്രൈക്ക് റേറ്റിൽ പിറന്നത് 13,100 റണ്‍സ്. ഇതിൽ 158.86 സ്ട്രൈക്ക് റേറ്റിൽ 9066 റണ്‍സ് ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. 144.59 സ്ട്രൈക്ക് റേറ്റിൽ 4034 റണ്‍സ് മാത്രമാണ് വിദേശ താരങ്ങളുടെ സംഭാവന. വെടിക്കെട്ട് കളത്തിൽ സ്ട്രൈക്ക് റേറ്റിലും റണ്‍സ് നേടുന്നതിലും വിദേശ ബാറ്റർമാർ വളരെയധികം പിന്നിൽ.
►ഇന്ത്യൻ സംഭാവന
സീസണിൽ ഇതുവരെ ആകെ നേടിയിട്ടുള്ള റണ്‍സിൽ 69.21% ഇന്ത്യൻ ബാറ്റർമാരുടെ സംഭാവനയാണ്. വിദേശ താരങ്ങൾ 30.79% റണ്‍സാണ് അടിച്ചെടുത്തത്. ഇത് ഐപിഎൽ ചരിത്ത്രതിൽ തന്നെ ഉയർന്ന ഇന്ത്യൻ ബാറ്റർമാരുടെ വെടിക്കെട്ട് റണ്‍സ് സ്കോറാണ്. കഴിഞ്ഞ സീസണിൽ 66.25 ശതമാനവും 2022 സീസണിൽ 65.25 ശതമാനവുമായിരുന്നു ഇതിന് മുന്‍പുള്ള ഉയർന്ന സ്കോറിംഗ്. അതിന് മുൻ സീസണുകളിൽ 50 ശതമാനം വരെയായിരുന്നു സ്കോറിംഗ്. 2009ൽ 47.51 ശതമാനം മാത്രമായിരുന്നു ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന.
ഈ സീസണിൽ ഇന്ത്യൻ ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റ് 158.86 ആണ്. വിദേശ ബാറ്റർമാരുടേതിനേക്കാൾ 14.27 കൂടുതൽ. ഐപിഎൽ 19 വർഷത്തെ ചരിത്രത്തിൽ രണ്ട് തവണ മാത്രമേ ഇന്ത്യൻ ബാറ്റർമാർ വിദേശ ബാറ്റർമാരേക്കാൾ വേഗത്തിൽ സ്കോർ ചെയ്തിട്ടുള്ളൂ. 2010ലും 2011ലും.
►ഫയർ പവർ
ഇന്ത്യൻ ഫയർ പവർ സീസണിൽ നിർണായകമാണ്. 200 അല്ലെങ്കിൽ അതിൽ കൂടുതൽ റണ്‍സ് സീസണിൽ നേടിയ 24 ബാറ്റർമാരിൽ 19 ഉം ഇന്ത്യൻ ബാറ്റർമാരാണ്. സ്ട്രൈക്ക് റേറ്റിലും 24 പേരിൽ ആദ്യ 11 ഉം ഇന്ത്യക്കാരാണ്. ഫിൽ സാൾട്ട് 12-ാം സ്ഥാനം സ്വന്തമാക്കി പട്ടികയിലെ ആദ്യസ്ഥാനത്തുള്ള വിദേശ താരം.
►വെടിക്കെട്ടില്‍ മുന്നിൽ
പ്രിയാൻഷ് ആര്യ (249.0), വൈഭവ് സൂര്യവംശി (234.9), അഭിഷേക് ശർമ (212.3), രജത് പട്ടീദാർ (210.6), ഇഷാൻ കിഷൻ (198.7) എന്നിവരാണ് സ്ക്ക്രൈ് റേറ്റിൽ ആദ്യ അഞ്ച് സ്ഥാനത്ത്. മലയാളി താരം സഞ്ജു സാംസണ് (169.8) പതിനൊന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ അണ്‍ക്യാപ്ഡ് താരങ്ങളാണെന്നതും ശ്രദ്ധേയം.
സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ആദ്യ പത്ത് സ്ഥാനങ്ങൾ ഇന്ത്യൻ ബാറ്റർമാർ സ്വന്തമാക്കുന്നത് ഇതാദ്യമാണ് (38 മത്സരങ്ങൾക്കു ശേഷം 200 റണ്‍ിന് മുകളിൽ സ്കോർ ചെയ്ത ബാറ്റർമാർ).
►വിദേശ ദുരന്തം
വിദേശ താരങ്ങൾ ഇത്തവണ വലിയ നിരാശ സമ്മാനിച്ചു. എട്ട് ഇന്നിംഗ്സിൽനിന്ന് 82 റണ്‍സാണ് നിക്കോളാസ് പൂരൻ നേടിയത്. ഷിമ്രോണ്‍ ഹെറ്റ്മെയർ (അഞ്ച് മത്സരത്തിൽനിന്ന് 61 റണ്‍സ്), ഗ്ലെൻ ഫിലിപ്സ് (അഞ്ച് മത്സരത്തിൽനിന്ന് 67 റണ്‍സ്), ഫിൻ അല്ലൻ (അഞ്ച് മത്സരത്തിൽനിന്ന് 81 റണ്‍സ്), ടിം സീഫെർട്ട് (മൂന്ന് മത്സരത്തിൽനിന്ന് 19 റണ്‍സ്) എന്നിവർ മോശം പ്രകടനത്തിൽ മുന്നിൽനിന്നു. കോൽക്കത്ത 25 കോടിക്ക് സ്വന്തമാക്കിയ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീൻ സമ്മാനിച്ചത് വലിയ നിരാശയാണ്.
►അണ്‍ക്യാപ്ഡ് മിന്നിത്തിളങ്ങി
ഇന്ത്യൻ ബാറ്റമാരിൽ പോലും ശ്രദ്ധ നേടിയത് ദേശീയ ടീമിൽ ഇതുവരെ ഇടംപിടിച്ചിട്ടില്ലാത്ത താരങ്ങളാണ്. 160.48 സ്ട്രൈക്ക് റേറ്റിൽ 2757 റണ്‍സ് അവർ സംഭാവന ചെയ്തു. ഒരു ഐപിഎൽ സീസണിലെ 38 മത്സരങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റാണിത്. 200ലധികം റണ്‍സ് നേടിയ 11 താരങ്ങളുടെ സ്ട്രൈക്ക് റേറ്റിൽ നാല് പേർ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്താരാണ്. പ്രിയാൻഷ് ആര്യ (249.01), വൈഭവ് സൂര്യവംശി (234.86) എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് മാത്രെ എന്നിവരും ആദ്യ 11 നുള്ളിലുണ്ട്.
►കുട്ടി താരങ്ങൾ
ആദ്യ 38 മത്സരങ്ങളിൽ ആറ് തവണ മത്സരത്തിന്റെ താരമായത് അണ്‍ക്യാപ്ഡ് ബാറ്റർമാരായിരുന്നു. സമീർ റിസ്വി, പ്രിയാൻഷ് ആര്യ എന്നിവർ രണ്ട് വീതവും പ്രഭ്സിമ്രാനും സൂര്യവംശിയും ഓരോ തവണയും.
Sports
മുംബൈ: ഐപിഎല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന് വീണ്ടും കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് ഓൾറൗണ്ടർ മിച്ചൽ സാന്റ്നർ ടൂർണമെന്റിൽനിന്ന് പുറത്തായി.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ കാർത്തിക് ശർമയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് സാന്റ്നറുടെ തോളിന് പരിക്കേറ്റത്.
സാന്റ്നറുടെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ ഇടം കൈയൻ സ്പിന്നർ കേശവ് മഹാരാജിനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്.
Sports
ലക്നൗ: ഇന്ത്യയുടെ ദേശീയ ടീം ജഴ്സി അണിയാൻ പുത്തൻ താരോദയം. ലക്നൗ ഇടം കൈയൻ പേസർ മൊഹ്സിൻ ഖാനാണ് ഇന്ത്യയുടെ ഭാവി പേസറെന്ന് ഒറ്റ ദിവസംകൊണ്ട് പേരെടുത്തത്.
വ്യത്യസ്ത ആക്ഷനും വേഗവും കൊണ്ട് പേസർമാർ അരങ്ങുവാഴാൻ ശ്രമിക്കുന്ന ഐപിഎൽ സീസണിൽ ലൈനും ലെങ്തും കൃത്യതയുമായി അരങ്ങുവാഴുകയാണ് മൊഹ്സിൻ.
2026 ഐപിഎൽ സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൊയ്താണ് താരം ശ്രദ്ധ നേടിയത്. ട്വന്റി20 ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച താരം കോൽക്കത്ത നൈറ്റ റൈഡേഴ്സിന്റെ മുൻനിരയെ എറിഞ്ഞിട്ടാണ് ദേശീയ ടീമിൽ സ്പേസിനായി അവകാശവാദം ശക്തമാക്കുന്നത്.
നാല് ഓവറിൽ 23 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ഒരു ഓവർ മെയ്ഡനുമായിരുന്നു. ടിം സീഫെർട്ട് ആയിരുന്നു മൊഹ്സിന്റെ ആദ്യ ഇര. പിന്നാലെ കോൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, കാമറോണ്‍ ഗ്രീൻ, റോവ്മാൻ പവൽ, അങ്കുൾ റോയ് എന്നിവരെയും മൊഹ്സിൻ വീഴ്ത്തി.
ഈ സീസണിൽ നാല് ഇന്നിംഗ്സുകളിൽനിന്ന് ഒന്‍പത് വിക്കറ്റുകൾ മൊഹ്സിൻ സ്വന്തമാക്കിക്കഴിഞ്ഞു. 90 പന്തുകളിൽ കൂടുതൽ എറിഞ്ഞ ബൗളർമാരിൽ താരത്തിന്റെ ഇക്കണോമി റേറ്റ് (6.37) ആണ്. ശരാശരി (11.33), സ്ട്രൈക്ക് റേറ്റ് (10.6), ഡോട്ട്-ബോൾ ശതമാനം (51) ബൗളിംഗിന്റെ എല്ലാ മേഖലയിലും മികച്ച നിലവാരം.
സീസണിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് നാല് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഫിറ്റ്നസ് വളരെക്കാലമായി അദ്ദേഹത്തിന് വെല്ലുവിളിയായിരുന്നു.
2022 സീസണിൽ അരങ്ങേറ്റം കുറിച്ച മൊഹ്സിൻ ഒന്‍പത് മത്സരങ്ങളിൽനിന്ന് 5.96 എന്ന ഇക്കോണമി റേറ്റിൽ 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പരിക്കുകൾ താരത്തിന് വെല്ലുവിളിയായി. കഴിഞ്ഞ വർഷത്തെ ഐപിഎൽ പൂർണമായും നഷ്ടമായി.
ഫിറ്റ്നസ് ദീർഘകാലത്തേക്ക് നിലനിർത്തുകയാണ് മൊഹ്സിന്‍ മുന്നിലുള്ള വെല്ലുവിളി. പ്രതിഭ തെളിയിച്ച താരത്തിന് ഉടൻ ദേശീയ ടീമിൽ ഇടം പിടിക്കാനാകുമെന്ന് മുൻ താരം സഞ്ജയ് ബംഗാർ പറഞ്ഞു.
Sports
ലക്നൗ: ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം തോൽവിയും വഴങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണതിന് പിന്നാലെ ടീമിൽ വലിയ സമ്മർദമുണ്ടെന്നും താരങ്ങൾക്ക് വിശ്രമം അനിവാര്യമാണെന്നും ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത്.
കോൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പന്ത് എടുത്ത ചില തീരുമാനങ്ങൾ പാളിയതിനെതിരേ വിമർശനം ശക്തമാകുന്നതിനിടയിലാണ് ക്യാപ്റ്റന്റെ തുറന്നുപറച്ചിൽ.
ഞങ്ങൾക്ക് തീർച്ചയായും ഒരു ബ്രേക്ക് ആവശ്യമാണ്. ടീമിന് ഒന്ന് റിഫ്രഷ് ആകണം. ബ്രേക്കിന് ശേഷം തീർച്ചയായും പോസിറ്റീവ് കാര്യങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നു.
ഓരോ താരവും ഉത്തരവാദിത്വം ഏറ്റെടുക്കണം. ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ല- പന്ത് പറഞ്ഞു.
Sports
ലക്നൗ: ഐപിഎല്ലിൽ പുതിയ വിവാദത്തിന് തിരികൊളുത്തി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിന്റെ പുറത്താകൽ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കോൽക്കത്ത താരം അംഗ്ക്രിഷ് രഘുവംശി ‘ഒബിഎസ്’ പ്രകാരം പുറത്തായതാണ് വിവാദമായത്.
വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ ഫീൽഡ് തടസപ്പെടുത്തിയതിനാണ് താരം ഒൗട്ടാണെന്ന് തേര്‍ഡ് അംപയർ വിധിച്ചത്. കോൽക്കത്ത ഇന്നിംഗ്്സിലെ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം. പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് രഘുവംശി തട്ടിയിട്ടു. സിംഗിളിനായി ഓട്ടം തുടങ്ങുകയും ചെയ്തു. എന്നാൽ മറുവശത്തുണ്ടായിരുന്ന കാമറൂണ്‍ ഗ്രീൻ, താരത്തെ തിരിച്ചയച്ചു.
പക്ഷേ തിരിഞ്ഞോടിയപ്പോൾ ഓട്ടം, പിച്ചിന്റെ മറുവശത്തു കൂടിയായി. ഇതേസമയം മുഹമ്മദ് ഷമി സ്റ്റംപിലേക്ക് ബോൾ ഡയറക്ട് ത്രോ നടത്തി. എന്നാൽ ക്രീസിലേക്ക് ഡൈവ് ചെയ്ത് രഘുവംശിയുടെ അടിയിൽപ്പെട്ട് ബോളിന്റെ ചലനം നിന്നു. ഇതോടെ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് വിക്കറ്റിനായി അപ്പീൽ ചെയ്തു. തുടർന്ന് തീരുമാനം തേര്‍ഡ് അംപയർക്കു വിടുകയും ഒൗട്ട് വിധിക്കുകയുമായിരുന്നു.
അംഗ്ക്രിഷിന് പിഴ ശിക്ഷ
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അംഗ്ക്രിഷ് രഘുവംശിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. രഘുവംശി പുറത്തായ ശേഷം ബൗണ്ടറി ലൈൻ കടക്കുന്പോൾ തന്റെ ഹെൽമറ്റ് വലിച്ചെറിഞ്ഞു. ബൗണ്ടറി കുഷ്യനിൽ ബാറ്റ് ആഞ്ഞടിക്കുകയും ചെയ്തിരുന്നു.
Sports
ബംഗളൂരു: ശാന്തനായ ബാറ്ററിൽ നിന്ന് യുദ്ധ പ്രിയനായി പരിണമിച്ച ബാറ്റർ. ദേവ്ദത്ത് പടിക്കലെന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മൂന്നാം നന്പർ ബാറ്റർ സീസണിൽ പുതു ശൈലിയിൽ വിജയം കൊയ്യുന്നു.
പഴയ പടിക്കൽ പതിഞ്ഞ പടിക്കലായിരുന്നെങ്കിൽ പുതിയ പടിക്കൽ ആദ്യ പന്തു മുതൽ അറ്റാക്ക് ചെയ്യുന്ന വെടിക്കെട്ട് ബാറ്ററാണ്. ആദ്യ പത്ത് പന്തിലെ സീസണിലെ സ്ട്രൈക്റേറ്റ് 170.18. കഴിഞ്ഞ സീസണിൽ 126.51. സീസണിൽ ആറ് ഇന്നിംഗ്സിൽനിന്നായി താരം 208 റണ്‍സ് സ്വന്തമാക്കി കഴിഞ്ഞു.
Sports
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെടിക്കെട്ട് വിരുന്നൊരുക്കിയ വിരാട് കോഹ് ലി സീസണിൽ ഓറഞ്ച് ക്യാപ് മത്സരത്തിൽ മുൻ നിരയിലേക്ക് കുതിച്ചു. ഏഴ് മത്സരത്തിൽനിന്ന് മൂന്ന് അർധസെഞ്ചുറി സഹിതം 323 റണ്‍സ് സീസണിൽ കോഹ്ലി സ്വന്തമാക്കിക്കഴിഞ്ഞു.
215.33 സ്ട്രൈക്റേറ്റിലും 53.83 ശരാശരിയിലുമാണ് താരം തകർത്തടിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിൽ മറ്റൊരു റിക്കാർഡും താരം സ്വന്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ 800 ഫോറുകൾ നേടുന്ന ആദ്യ ബാറ്ററാണ് കോഹ്ലി. ഐപിഎല്ലിൽ 300 സിക്സ് നേടിയ മൂന്നാമത് ബാറ്ററുമാണ് താരം.
Sports
ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ട്വന്റി20 സ്കോർ പേരിലാക്കി ഡൽഹി ക്യാപിറ്റൽസിന്റെ കെ.എൽ. രാഹുൽ. പഞ്ചാബ് കിംഗ്സിനെതിരേ പുറത്താകാതെ 152 റണ്‍സാണ് രാഹുൽ അടിച്ചെടുത്തത്.
രാഹുലിന്റെ 152* ഐപിഎല്ലിൽ ബാറ്ററുടെ വ്യക്തിഗത ഉയർന്ന മൂന്നാമത്തെ സ്കോർ കൂടിയാണ്. ക്രിസ് ഗെയ്ലിന്റെ 175* ഉം ബ്രണ്ടൻ മക്കല്ലം നേടിയ 158* ഉം മാത്രമാണ് മുന്നിലുള്ളത്.
Sports
രവി ബിഷ്ണോയ്, ഇന്ത്യയുടെ മുൻനിര ട്വന്റി20 സ്പിന്നർ. 2023 ഡിസംബറിൽ ഐസിസിയുടെ ട്വന്റി20 ബൗളിംഗ് പട്ടികയിൽ ഒന്നാമൻ.
ലക്നൗ സൂപ്പർ ജയന്റ്സിന്റെ (എൽഎസ്ജി) ലീഡ് സ്പിന്നർ കൂടിയായിരുന്നു ബിഷ്ണോയ്. ഐപിഎൽ 2023ൽ 7.74 എക്കണോമിയിൽ 16 വിക്കറ്റുകൾ വീഴ്ത്തി. പിന്നീട് രണ്ട് വർഷത്തെ മോശം പ്രകടനം ബിഷ്ണോയിയുടെ ഗ്രാഫ് താഴേക്ക് വരുത്തി.
ദേശീയ ടീമിൽ ബിഷ്ണോയിയുടെ സ്ഥാനം നഷ്ടപ്പെടുത്തിക്കൊണ്ടാണ് വരുണ്‍ ചക്രവർത്തിയുടെ കടന്നുവരവ്.
2026ലെ ഐപിഎൽ ബിഷ്ണോയിയുടെ തിരിച്ചുവരവാണ്. സീസണ് പകുതിയിൽ 11 വിക്കറ്റുകളുമായി ബിഷ്ണോയ് രാജസ്ഥാനായി നേടിയത്. റോയൽസിന്റെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനും (ജോഫ്ര ആർച്ചറിനൊപ്പം). രാജസ്ഥാൻ സീസണിൽ 7.2 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്.
Sports
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ പരിസ്ഥിതിസംരക്ഷണ സൂചകമായി പച്ച ജഴ്സി അണിഞ്ഞ് കളത്തിലെത്തുന്ന ഏക ടീമാണ് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. 2011 ഐപിഎല്‍ എഡിഷനിലാണ് ആര്‍സിബി ഇത്തരത്തില്‍ പച്ചപ്പണിഞ്ഞ് കളത്തില്‍ എത്തിത്തുടങ്ങിയത്.
2026 സീസണില്‍, ഇന്നലെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരായ മത്സരത്തില്‍ പച്ച ജഴ്സി അണിഞ്ഞ് ആര്‍സിബി ഇറങ്ങി. ഐപിഎല്ലില്‍ ആര്‍സിബി പച്ചയണിഞ്ഞ 16-ാം മത്സരമായിരുന്നു ഇന്നലതേത്ത്. നൂറ് ശതമാനം റീസൈക്കിള്‍ ചെയ്ത, കാര്‍ബണ്‍ ന്യൂട്രല്‍ ജഴ്സിയാണിത്.
ചരിത്രം ഇതുവരെ
അകാലത്തില്‍ പൊലിഞ്ഞ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് എതിരായ മത്സരത്തില്‍ ആയിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യമായി പച്ച ജഴ്സി അണിഞ്ഞത്. അന്നത്തെ മത്സരത്തില്‍ ആര്‍സിബി ജയിച്ചു. എന്നാല്‍, പച്ചയണിഞ്ഞ 16 മത്സരങ്ങളില്‍ അഞ്ച് ജയം മാത്രമേ ആര്‍സിബിക്കു നേടാനായുള്ളൂ.
10 എണ്ണത്തില്‍ തോല്‍വി വഴങ്ങിയപ്പോള്‍, ഒരു മത്സരം ഉപേക്ഷിച്ചു. 2025 സീസണില്‍ ജയ്പുരില്‍ രാജസ്ഥാന് റോയല്‍സിന് എതിരേയായിരുന്നു ആര്‍സിബി പച്ച ജഴ്സി അണിഞ്ഞത്. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ഒമ്പത് വിക്കറ്റ് ജയം നേടി.
Sports
മുംബൈ: ക്വിന്റണ്‍ ഡികോക്കിന്റെ (112 നോട്ടൗട്ട്) സെഞ്ചുറിക്ക് ക്വിന്റൽ തിരിച്ചടിയുമായി പഞ്ചാബ് കിംഗ്സ്.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് ബലഹീനത വീണ്ടും വെളിപ്പെട്ടപ്പോൾ പഞ്ചാബ് കിംഗ്സ് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. 19-ാം സീസണ് ഐപിഎല്ലിൽ ഇതുവരെ തോൽവി വഴങ്ങാത്ത ഏക ടീമാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ്.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195. പഞ്ചാബ് 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198.
196 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി ഓപ്പണർ പ്രഭ്സിമ്രൻ സിംഗ് 39 പന്തിൽ രണ്ട് സിക്സും 11 ഫോറും അടക്കം 80 റണ്‍സ് നേടി പുറത്താകാതെ നിന്ന് ടോപ് സ്കോററായി.
ശ്രേയസ് അയ്യർ 35 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 66 റണ്‍സ് സ്വന്തമാക്കി. ജയത്തോടെ പഞ്ചാബ് ലീഗ് ടേബിളിന്റെ തലപ്പത്തെത്തി. മുംബൈയുടെ ജസ്പ്രീത് ബുംറ (40410), ദീപക് ചഹർ (3.30450), ഹാർദിക് പാണ്ഡ്യ (30390), ഷാർദുൾ ഠാക്കൂർ (30421) എന്നിവരെല്ലാം മടിയില്ലാതെ റണ്‍ വഴങ്ങി.
ക്വിന്റൺ സെഞ്ചുറി
ഐപിഎൽ 19-ാം സീസണിലെ രണ്ടാം സെഞ്ചുറിക്കാരൻ എന്ന നേട്ടം മുംബൈ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡിക്കോക്കിനു സ്വന്തം. പഞ്ചാബ് കിംഗ്സിന് എതിരേ ഓപ്പണറായി ക്രീസിലെത്തിയ ഡികോക്ക് 60 പന്തിൽ ഏഴ് സിക്സും എട്ട് ഫോറും അടക്കം 112 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമയുടെ അഭാവത്തിലാണ് ഡികോക്ക് ഓപ്പണറായത്.
റയാൽ റിക്കൽടൺ (2), സൂര്യകുമാർ യാദവ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി അർഷദീപ് സിംഗ് പഞ്ചാബിന് മികച്ച തുടക്കം നൽകി. എന്നാൽ, നമാൻ ധിറും (31 പന്തിൽ 50) ഡികോക്കും ചേര്‍്ന്ന് രണ്ടാം വിക്കറ്റിൽ 122 റൺസ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി. എന്നാൽ, പിന്നീട് എത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (14), ഷെർഫെയ്ൻ റൂഥർഫോർഡ് (1), തിലക് വർമ (8) എന്നിവർ നിരാശപ്പെടുത്തി. പഞ്ചാബിനായി അർഷദീപ് സിംഗ് നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ 26നു നടക്കേണ്ട മത്സരത്തിന്റെ വേദി മാറ്റി.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വേദി മാറ്റുകയായിരുന്നു. ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ്.
ഏപ്രില്‍ 26നുള്ള മത്സരം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വൈകുന്നേരം 3.30നു നടക്കും. മേയ് 21ന് ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന ഇരുടീമിന്റെയും റിവേഴ്സ് ഫിക്സ്ചര്‍, അമ്മദാബാദിലേക്കും മാറ്റി. രാത്രി 7.30നായിരുന്നു അന്നത്തെ മത്സരം. ബിസിസിഐയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Sports
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് തുണയാകാനാതെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. 2026 ഐപിഎല്ലിൽ നാല് മത്സരങ്ങൾ കളിച്ചിട്ടും ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. റണ്‍സ് വിട്ടുകൊടുക്കുന്നതിൽ പിശുക്കനായ താരം ഇത്തവണ പതിവു തെറ്റിച്ചു. കഴിഞ്ഞ സീസണിലെ അവസാന മത്സരമടക്കം തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ബുംറയ്ക്ക് വിക്കറ്റ് നേടാനായിട്ടില്ല. ഐപിഎൽ കരിയറിൽ ആദ്യമായാണ് ഇത്രയും വിക്കറ്റ് വരൾച്ച നേരിടുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ബുംറ 30 റണ്‍സിന് മുകളിൽ വിട്ടുകൊടുത്തു.
ഐലിഎല്ലിൽ ബുംറയുടെ അവസാന 5 മത്സരം
2025, അഹമ്മദാബാദിനെതിരേ 0/40 (4).
2026, കോൽക്കത്ത 0/35 (4).
2026, ഡൽഹി 0/21 (4).
2026, രാജസ്ഥാൻ 0/32 (4).
2026, ബംഗളൂരു 0/35 (4).
ബുംറ മാത്രമല്ല, സീസണിലെ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിൽ ഒരു മുംബൈ താരം പോലും ഇല്ല. നാല് മത്സരങ്ങളിൽ മുംബൈ ആകെ വീഴ്ത്തിയത് 14 വിക്കറ്റ്. അതേസമയം, രാജസ്ഥാൻ റോയൽസ് (32), ഗുജറാത്ത് ടൈറ്റൻസ് (27), റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (28) ടീമുകൾ വിക്കറ്റ് വേട്ടയിൽ മികച്ചു നിൽക്കുന്നു. ആവറേജ് (55.0), സ്ട്രൈക്ക് റേറ്റ് (29.6), ഇക്കണോമി (11.13) കാര്യങ്ങളിലും മുംബൈ സീസണിലെ എല്ലാ ടീമിനെക്കാളും പിന്നിലാണ്. ഡോട്ട് ബോളുകൾ എറിയാൻ മുംബൈക്ക് സാധിക്കുന്നില്ല. ബൗണ്ടറി നൽകുന്നതിൽ മുന്‍പിലും മുംബൈ ബൗളർമാരെന്നത് മറ്റൊരു പരാജയം.
ട്രെൻഡിനൊപ്പമല്ല!
2020ൽ തങ്ങളുടെ അവസാന കിരീട നേട്ടം സ്വന്തമാക്കിയ മുംബൈ, ഐപിഎൽ ട്രെൻഡിനൊപ്പം മാറുന്നില്ലെന്നതാണ് വന്പൻ പരാജയങ്ങൾ വ്യക്തമാക്കുന്നത്. 2020 സീസണിൽ മികച്ച പവർ പ്ലേ ബൗളർമാരും ആറ് സൂപ്പർ ബാറ്റർമാരും കിറോണ്‍ പൊള്ളാർഡ്, പാണ്ഡ്യ സഹോതരങ്ങളടങ്ങുന്ന ഫിനിഷർമാരും ടീമിന്റെ ഭാഗമായിരുന്നു. 137 സിക്സാണ് ആ സീസണിൽ മുംബൈ അടിച്ചുപറത്തിയത്. രണ്ടാം സ്ഥാനക്കാരേക്കാളും 32 സിക്സുകൾ കൂടുതലെന്നത് പവർ ഹിറ്റിംഗ് ബാറ്റിംഗ് മികവ് വ്യക്തമാക്കുന്നു.
2026 ലേലത്തിൽ ട്രെൻഡിനൊപ്പം മാറ്റം ഉൾക്കൊണ്ടുള്ള ടീം രൂപപ്പെടുത്തുന്നതിലും മുംബൈ പരാജയപ്പെട്ടു. നാല് താരങ്ങളെ മാത്രം നിലനിർത്തി. ഇഷാൻ കിഷനെപ്പോലുള്ള താരങ്ങളെ കൈവിട്ടത് വിനയായി.
മുംബൈക്കു പവറില്ല
ബൗളർമാർ റണ്‍സ് വാരിവിതറുപ്പോൾ റണ്‍സ് അടിച്ചെടുക്കാനുള്ള ശ്രമത്തിലും മുംബൈ പിന്നിലാണ്. പവർ കാട്ടേണ്ട പവർ പ്ലേ ഓവറുകളിൽ 2025 സീസണിൽ മുംബൈ രണ്ട് തവണ മാത്രമാണ് 70 റണ്‍സിന് മുകളിൽ സ്കോർ ചെയ്തത്. ഉയർന്ന സ്കോർ 80 റണ്‍സും. ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴ് തവണ 70ന് മുകളിൽ സ്കോർ ചെയ്തു. ഉയർന്ന സ്കോർ 105.
2026 സീസണിൽ നാല് മത്സരത്തിൽ മൂന്നിലും പരാജയപ്പെട്ട മുംബൈയുടെ അടുത്ത മത്സരം വ്യാഴാഴ്ച പഞ്ചാബിനെതിരേയാണ്.
Sports
ചണ്ഡിഗഡ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണില്‍ തോല്‍വി അറിയാതെ പഞ്ചാബ് കിംഗ്സ്. സീസണിലെ നാലാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ശ്രേയസ് അയ്യറും (69 നോട്ടൗട്ട്) സംഘവും പഞ്ചാബി സ്റ്റൈലില്‍ തോല്‍പ്പിച്ചു.
220 പിന്തുടര്‍ന്ന പഞ്ചാബ് കിംഗ്സ്, ഏഴ് പന്ത് ബാക്കിവച്ച് ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന് റോയല്‍സ് മാത്രമാണ് 2026 സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത മറ്റൊരു ടീം.
റണ്‍ അഭിഷേകം
ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ കടന്നാക്രമണം നടത്തി. എട്ട് ഓവറില്‍ 120 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് അഭിഷേക്-ട്രാവിസ് ഹെഡ് സഖ്യം പിരിഞ്ഞത്.
ബാറ്റിംഗ് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ സണ്‍റൈസേഴ്സ് നേടിയത് 105 റണ്‍സ്. എന്നാല്‍, ഒമ്പതാം ഓവറില്‍ ട്രാവിസ് ഹെഡിനെയും (23 പന്തില്‍ 38) അഭിഷേക് ശര്‍മയെയും (28 പന്തില്‍ 74) ശശാങ്ക് സിംഗ് പുറത്താക്കി. എട്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട്.
ഹെന് റിച്ച് ക്ലാസന് (33 പന്തില്‍ 39), ഇഷാന് കിഷന് (17 പന്തില്‍ 27), അനികേത് ശര്‍മ (9 പന്തില്‍ 18) എന്നിവരും ചേര്‍ന്നതോടെ ഹൈദരാബാദിന്റെ സ്കോര്‍ 20 ഓവറില്‍ 219/6.
അടിക്കു തിരിച്ചടി
220 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസില്‍ എത്തിയ പഞ്ചാബ് കിംഗ്സ് വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. പഞ്ചാബിന്റെ ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രന് സിംഗും ആദ്യവിക്കറ്റില്‍ 99 റണ്‍സ് എടുത്തു. 20 പന്തില്‍ അഞ്ച് സിക്സും ഫോറും അടക്കം 57 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയാണ് ആദ്യം മടങ്ങിയത്.
ശിവാംഗ് കുമാറിനായിരുന്നു വിക്കറ്റ്. 25 പന്തില്‍ നാല് വീതം സിക്സും ഫോറും അടിച്ച പ്രഭ്സിമ്രന് സിംഗ് 51 റണ്‍സുമായും ശിവാംഗ് കുമാറിനു മുന്നില്‍ കീഴടങ്ങി. കൂപ്പര്‍ കനോലിക്കു (12 പന്തില്‍ 11) കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പ്രത്യാക്രമണം ഏറ്റെടുത്തു.
33 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും അടിച്ച ശ്രേയസ് അയ്യര്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു. ശശാങ്ക് സിംഗും (9 പന്തില്‍ 16) പുറത്താകാതെ നിന്നു. ശ്രേയസ് അയ്യറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
Sports
ചുമ്മാ കണ്ണില്‍ക്കണ്ടവരെ തല്ലി ഹീറോ ആയതല്ല. ജസ്പ്രീത് ബുംറ, ജോഷ് ഹെയ്സല്‍വുഡ്, ട്രെന്റ് ബോള്‍ട്ട്, ഭുവനേശ്വര്‍ കുമാര്‍, ടിം ഡേവിഡ്... എന്നിങ്ങനെ നീളുന്ന ലോകോത്തര താരങ്ങളെ തെരഞ്ഞുപിടിച്ച് തല്ലിച്ചതച്ചവനാണ് വൈഭവ് സൂര്യവംശിയെന്ന ബാറ്റര്‍.
അതുകൊണ്ടുതന്നെ 15-ാം വയസില്‍ ഭൂഗോളത്തിലെ സകല ബൗളര്‍മാരുടെയും പേടിസ്വപ്നമായി മാറി ഈ ബിഹാറി പയ്യന്. ക്രിക്കറ്റ് ബോള്‍ കൈയിലെടുക്കുന്ന സകലരുടെയും ചിന്ത ഒന്നു മാത്രം; പന്ത് എവിടെ പിച്ച് ചെയ്യിച്ചാല്‍ വൈഭവ് സൂര്യവംശി സിക്സര്‍ പറത്താതിരിക്കും..? ആ ചിന്തകൊണ്ടു ഫലമില്ലെന്നു കാണുമ്പോള്‍ ദയനീയമായ ഒരു നോട്ടം, തല്ലരുത് പ്ലീസ് എന്നു മനസില്‍ പറയുന്ന ഭാവം...
2026 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (17 പന്തില്‍ 52), ഗുജറാത്ത് ടൈറ്റന്‍സ് (18 പന്തില്‍ 31), മുംബൈ ഇന്ത്യന്‍സ് (14 പന്തില്‍ 39), നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (26 പന്തില്‍ 78) വമ്പന്മാരെ മാത്രമാണ് വൈഭവ് തല്ലിത്തകര്‍ത്തത്.
300 സ്ട്രൈക്ക് റേറ്റ്
സര് ഡോണ്‍ ബ്രാഡ്മാനുപോലും കരിയര്‍ അവസാനിച്ചപ്പോള്‍ സ്ട്രൈക്ക് റേറ്റില്‍ 100 എന്ന പൂര്‍ണത കൈവരിക്കാന്‍ സാധിച്ചില്ല. എന്നാല്‍, ഐപിഎല്ലില്‍ 11 മത്സരങ്ങളുടെ ചരിത്രം മാത്രമുള്ള വൈഭവ് സൂര്യവംശിയുടെ സ്ട്രൈക്ക് റേറ്റ് 229.44.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ 26 പന്തില്‍ 78 റണ്‍സ് നേടിയപ്പോള്‍ വൈഭവിന്റെ സ്ട്രൈക്ക് റേറ്റ് 300. ട്വന്റി-20യില്‍ വൈഭവ് 50+ സ്കോര്‍ 300+ സ്ട്രൈക്ക് റേറ്റില്‍ നേടുന്നത് ഇതു മൂന്നാം തവണ. ഈ നേട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കിറോണ്‍ പൊള്ളാര്‍ഡ് (നാല്) മാത്രമാണ് സൂര്യവംശിക്കു മുന്നിലുള്ളത്.
സിക്സ് ഇഷ്ടം
ഐപിഎല്ലില്‍ ഇതുവരെയുള്ള സൂപ്പര്‍ താരങ്ങള്‍ എല്ലാം സിക്സിനേക്കാള്‍ കൂടുതല്‍ ഫോര്‍ അടിച്ചവരാണ്. വിരാട് കോഹ്ലി: 297 സിക്സ്, 785 ഫോര്‍. രോഹിത് ശര്‍മ: 309 സിക്സ്, 651 ഫോര്‍. എം.എസ്. ധോണി: 264 സിക്സ്, 375 ഫോര്‍. സുരേഷ് റെയ്ന: 203 സിക്സ്, 506 ഫോര്‍. എന്നാല്‍, സൂര്യവംശി നേരേ മറിച്ചാണ്. ഫോറിനേക്കാള്‍ സിക്സിനോടാണ് താത്പര്യം. ഐപിഎല്ലില്‍ 11 മത്സരങ്ങളില്‍നിന്ന് സൂര്യവംശി പറത്തിയത് 42 സിക്സ്. ഫോര്‍ 36 മാത്രം.
സിക്സിന്റെ സാങ്കേതികത
വൈഭവ് സൂര്യവംശി നെറ്റ്സില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ തുടരെ സിക്സ് പറത്തി പരിശീലിക്കുന്ന വീഡിയോ രാജസ്ഥാന് റോയല്‍സ് പങ്കുവച്ചിരുന്നു. ആ പരിശീലനം കളത്തിലും കൗമാരതാരം നടപ്പാക്കുകയാണ്.
സൂര്യവംശിയുടെ സിക്സ് അടിയുടെ സാങ്കേതികത:
ബാറ്റ് വേഗം: കൈക്കരുത്തിനാല്‍ ശരീരത്തിന്റെ അപ്പര്‍ പോര്‍ഷന്‍ ഉപയോഗിച്ച് അവിശ്വസനീയമായ ബാറ്റ് വേഗത സൃഷ്ടിക്കുന്നു.
ഭാരം കൈമാറ്റം: ബാറ്റ് വീശുമ്പോള്‍ മുന്കാലില് ഊന്നിനിര്ത്തിക്കൊണ്ട് ശരീരഭാരം കാര്യക്ഷമമായി മുന്നോട്ട് എത്തിക്കുന്നു.
ബാക്ക്ലിഫ്റ്റ്: ബാക്ക് ലിഫ്റ്റ് സ്റ്റൈലിലാണ് ബാറ്റിംഗ്. ഇത് ബാറ്റിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
പരിശീലനം: ഒരു പരിശീലന സെഷനില്‍ 400-500 പന്തുകള്‍ നേരിടുന്നു. ഭൂരിപക്ഷവും ലോഫ്റ്റഡ് ഷോട്ടുകളാണ് പരിശീലിക്കുന്നത്.
പ്രതികരണം: കൈ-കണ്ണ് ഏകോപനം അതിവേഗത്തില്‍. പന്തിന്റെ ലെംഗ്ത് മനസിലാക്കാന്‍ ഇതു സഹായിക്കുന്നു.
ഷോട്ട്: ശരീരം വേഗത്തില്‍ തിരിക്കുന്ന രീതിയിലാണ് ഷോട്ടുകള്‍. ഉയര്‍ത്തി അടിക്കാനുള്ള ഊര്‍ജം ആവാഹിക്കാന്‍ സഹായകമാണ്.
ബലഹീനത
ഏതൊരു താരത്തെയുംപോലെ ചില ബലഹീനതകളും വൈഭവിനുണ്ട്. ഇതുവരെ കണ്ടതില്‍വച്ച് മിഡില്‍ സ്റ്റംപിനെ ആക്രമിക്കുന്ന പന്തുകളില്‍ വൈഭവിന്റെ സിക്സ് ഹിറ്റിംഗ് ശതമാനം കുറവാണ്.
Sports
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ യുവ പ്രസരിപ്പ് തുടരുന്നു. മൂന്ന് ഐപിഎൽ മാത്രം പരിചയസന്പത്തുള്ള 21കാരൻ മുകുൾ ചൗധരിയാണ് പുതിയ താരം.
182 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സുമായി തോൽവി മുന്നിൽക്കണ്ട ലക്നോ സൂപ്പർ ജയന്റ്സിനെ, 27 പന്തിൽ 54 റണ്‍സുമായി പുറത്താകാതെ നിന്ന് ജയത്തിലെത്തിച്ചു. മുകുൾ ചൗധരി ക്രീസിൽ നിലയുറപ്പിച്ചത് പ്രായത്തിൽ കവിഞ്ഞ പക്വതയും സമ്മർദത്തെ അതിജീവിക്കാനുള്ള നിശ്ചയദാർഢ്യവുമായാണ്.
►128/7- 182/7◄
ആദ്യ എട്ട് പന്തിൽ രണ്ട് റണ്‍സുമായി ക്രീസിൽ തുടർന്ന മുകുൾ ചൗധരി ഇത്ര അപകടം വിതയ്ക്കുമെന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പോലും കരുതിയില്ല. പിന്നീടുള്ള 19 പന്തിൽ 52 റണ്‍സ് നേടിയാണ് ചൗധരി മത്സരം അവസാനിപ്പിച്ചത്. ചൗധരി ക്രീസിലെത്തുന്പോൾ ലക്നോ സ്കോർ 16 ഓവറിൽ 128/7. ലക്ഷ്യം 182. ചൗധരിക്ക് കൂട്ടായി പേസർ ആവേശ് ഖാനും. അവസാന നാല് ഓവറിൽ ചൗധരിയുടെ ബാറ്റിൽ നിന്ന് ഏഴ് സിക്സുകൾ പിറന്നതോടെ ലക്നോ തോൽവിയിൽനിന്ന് ജയത്തിലേക്കു കുതിച്ചു.
അവസാന 12 പന്തിൽ ജയിക്കാൻ 30 റണ്‍സ്. 19-ാം ഓവറിൽ കാമറൂണ്‍ ഗ്രീൻ ആദ്യ രണ്ട് പന്തിൽ റണ്‍സ് വഴങ്ങിയില്ല. പിന്നീടുള്ള നാല് പന്തിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 16 റണ്‍സ് ചൗധരി അടിച്ചെടുത്തു. അതോടെ മത്സരം വരുതിയിൽ. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിംഗിൾ നേടി ആവേശ് ഖാൻ ചൗധരിക്ക് സ്ട്രൈക്ക് കൈമാറി. ലക്ഷ്യം അഞ്ച് പന്തിൽ 13 റണ്‍സ്. അറോറയെ അതിർത്തി കടത്തി ലക്ഷ്യം നാല് പന്തിൽ ഏഴാക്കി ചൗധരി. ആംഗിൾ മാറി അറോറ രണ്ട് യോർക്കറിൽ ചൗധരിയെ നിശബ്ദനാക്കി. അഞ്ചാം പന്ത് എകസ്ട്രാ കവറിന് മുകളിലൂടെ ചൗധരി അതിർത്തി കടത്തി. സ്കോർ തുല്യം. അവസാന പന്തിൽ സിംഗിൾ നേടി ചൗധരിയും ആവേഷും ജയം ആഘോഷിച്ചു.
►ധോണി ഫാൻ◄
നേരിട്ട ഒന്‍പതാം പന്തിലായിരുന്ന ചൗധരി ആദ്യ ബൗണ്ടറി നേടിയത്. 17-ാം ഓവറിൽ വൈഭവ് അറോറയുടെ യോർക്കർ പിഴച്ചു. ചൗധരി തന്റെ കൈത്തണ്ടയുടെ ചലനത്തിലൂടെ എം.എസ്. ധോണിയെ അനുസ്മരിപ്പിക്കുന്ന ബാക്ക് ലിഫ്റ്റിലൂടെ പന്ത് അതിർത്തി കടത്തി. ധോണിയുടെ കടുത്ത ആരാധകനായ ചൗധരിയുടെ ഫിനിഷിംഗ് റോളിലെ തുടക്കം മാത്രമായിരുന്നു അത്.
ധോണിയെപ്പോലെ ഒരു ഫിനിഷറാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ധോണിയോടുള്ള ആരാധനയിൽ ഞാൻ ഒരു വിക്കറ്റ് കീപ്പറായും മാറി. ഹെലികോപ്റ്റർ എന്റെ പ്രിയപ്പെട്ട സ്ട്രോക്കുകളിൽ ഒന്നാണ്- ചൗധരി പറഞ്ഞു.
►ഐപിഎൽ എൻട്രി◄
സയിദ് മുഷതാഖ് അലി ട്രോഫി ഫൈനലിൽ അവസാന ഓവറിലെ അസാമാന്യ ബാറ്റിംഗാണ് മുകുൾ ചൗധരിക്ക് ഐപിഎൽ എൻട്രി ഒരുക്കിയത്. രാജസ്ഥാനു വേണ്ടി ഡൽഹിക്കെതിരേ ഫൈനലിലെ അവസാന ഓവറിൽ 25 റണ്‍സ് അടിച്ചെടുത്ത് ടീമിന് ജയമൊരുക്കിയാണ് ചക്രവർത്തി അന്ന് താരമായത്. ഇതോടെ ചക്രവർത്തി ഐപിഎൽ ഫ്രാഞ്ചൈസികളുടെ ശ്രദ്ധാകേന്ദ്രമായി. ആഴ്ചകൾക്കുശേഷം അബുദാബിയിൽ നടന്ന ലേലത്തിൽ ലകനോ സൂപ്പർ ജയന്റ്സ് താരത്തെ 2.6 കോടി രൂപയ്ക്ക് സ്വന്തമാക്കി. അഞ്ച് മാസങ്ങൾക്കിപ്പുറം ഈഡൻ ഗാർഡൻസിൽ ചൗധരി സമാന വെടിക്കെട്ടോടെ ലക്നോവിന്റെ വിശ്വാസം കാത്തു.
ചൗധരി നേടിയ 52 റണ്‍സും ഡെത്ത് ഓവറിൽ (17- 20) ആയിരുന്നു. ചേസിംഗിൽ ഡെത്ത് ഓവറിൽ ബാറ്റ് ചെയ്ത അർധസെഞ്ചുറി നേടിയ രണ്ടാം ബാറ്ററാണ് മുകുൾ ചൗധരി. 2013ൽ കീറോണ്‍ പൊള്ളാർഡ് (57) ആണ് അർധസെഞ്ചുറി നേടിയ ആദ്യ താരം.
►ഇന്ത്യയുടെ 6, 7 നന്പർ ബാറ്റർ?◄
“ചൗധരിയുടെ ആദ്യ വലിയ ഇന്നിംഗ്സ്. ഇത് തുടക്കം മാത്രമാകാം. ഇന്ത്യൻ ക്രിക്കറ്റിലെ ആറാം നന്പർ അല്ലെങ്കിൽ ഏഴാം നന്പർ ബാറ്റർ ആകാൻ ചൗധരിക്ക് പ്രതിഭയുണ്ട്. പക്ഷേ, സ്ഥിരത നിലനിർത്തണം. ഈ മാന്ത്രിക ഇന്നിംഗ്സ് അദ്ദേഹത്തെ അതിന് അർഹനാക്കുന്നു”- ലക്നോ ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ മത്സരശേഷം പറഞ്ഞു.
Sports
മുംബൈ: 19-ാം സീസണ് ടാറ്റാ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ബിസിസിഐ ഫാന്‍ പാര്‍ക്കുകളുടെ രണ്ടാം ഘട്ട പട്ടികയില്‍ ഇടംപിടിച്ച് പുതുപ്പള്ളി.
18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നത്. ഈ മാസം 18, 19 തീയതികളിലാണ് കോട്ടയം പുതുപ്പള്ളിയില്‍ ഫാന്‍ പാര്‍ക്ക് സൗകര്യമൊരുങ്ങുന്നത്.
കൂറ്റന്‍ സ്ക്രീനുകളിലെ തത്സമയ സംപ്രേഷണത്തിനു പുറമെ സംഗീതം, വിനോദ പരിപാടികള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പ്ലേ സോണുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഫാന്‍ പാര്‍ക്കില്‍ ഉണ്ടാകും.
Sports
ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റിൽ ബാറ്റർമാരെ വട്ടം കറക്കുന്ന അഫ്ഗാനിസ്ഥാൻ സ്പിന്നർ റഷീദ് ഖാൻ മാച്ച് വിന്നിംഗ് പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചുവന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഡൽഹിക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസിന് സീസണിലെ ആദ്യ ജയമൊരുക്കി കളിയിലെ താരമായാണ് മിന്നും ഫോമിലേക്കുള്ള തിരിച്ചുവരവ്. ഇരു ടീമും 200 റണ്‍സിന് മുകളിൽ സ്കോർ ചെയ്ത മത്സരത്തിലാണ് റഷീദിന്റെ പിശുക്കൻ ബൗളിംഗിലെ വിക്കറ്റ് നേട്ടം. ട്വന്റി-20യിലെ ജീനിയസിന്റെ വന്പൻ തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്.
2023ൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം റഷീദ് ഖാൻ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു. കഴിഞ്ഞ സീസണ് താരത്തിന് വലിയ നിരാശ സമ്മാനിച്ചു. ഗുജറാത്തിനായി 15 മത്സരത്തിൽനിന്ന് ഒന്‍പത് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. ഇക്കണോമി 9.34.
നിതീഷ് റാണ, സമീർ റിസ്വി, ഡൽഹി നായകൻ അക്സർ പട്ടേൽ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ത്രില്ലർ പോരാട്ടത്തിൽ ടീമിന് ജയമൊരുക്കിയ താരത്തിന്റെ തിരിച്ചുവരവ് ഗുജറാത്തിന് ഉണർവ് നൽകും.
“2025 സീസണ് ദയവായി ഓർമിപ്പിക്കരുത്. അത് വളരെ മോശം സീസണായിരുന്നു. ഒരു മോശം സീസണ് ഉണ്ടെങ്കിൽ, അത് അവസാനമാണ് എന്നല്ല അർഥം... അത് നിങ്ങളുടെ പന്തിന്റെ ലൈനും ലെഗ്തും എന്തെന്നാണ് പറയുന്നത്”- ടീമിന്റെ വിജയത്തിന് ശേഷം റഷീദ് പറഞ്ഞു.
“ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ വളരെ ശ്രദ്ധാലുവായിരുന്നു. അത് ബൗളിംഗ് ആക്ഷനെയും പന്തിന്റെ റിലീസിനെയും ബാധിച്ചു. തുടർന്ന് ഫിറ്റ്നസിലും എന്റെ കോറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പരമാവധി ശ്രമിച്ചു. അത് പൂർണ താളത്തിൽ പന്തെറിയാൻ എന്നെ അനുവദിച്ചു”- റഷീദ് കൂട്ടിച്ചേർത്തു.
ടെസ്റ്റിനില്ല!
മുന്നോട്ടുള്ള യാത്രയിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് റഷീദ് ഖാൻ പറഞ്ഞു. ചുവപ്പ് പന്തിൽ വർഷത്തിൽ ഒരു മത്സരം. കൂടുതൽ സാധിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് താരം ടെസ്റ്റ് കരിയറിനെക്കുറിച്ച് വ്യക്തമാക്കിയത്.
ജൂണ്‍ ആറ് മുതൽ പത്ത് വരെയാണ് അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. അതേസമയം, വരുന്ന ഏകദിന ലോകകപ്പിനായി തയാറെടുക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും താരം പറഞ്ഞു.
Sports
ഗാബോണ്‍ (ബോട്സ്വാന): രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബ്രസീല്‍ വനിതാ പേസര്‍ ലോറ കാര്‍ഡോസോ. ലെസോത്തോയ്ക്ക് എതിരായ മത്സരത്തില്‍ ബ്രസീലിനായി ലോറ കാര്‍ഡോസോ നാല് റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്ത്തി.
ഒരു ഇന്നിംഗ്സില്‍ പുരുഷ-വനിതാ ട്വന്റി-20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഒമ്പത് വിക്കറ്റ് സ്വന്തമാക്കുന്നത്. മാത്രമല്ല, ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗാണ് ലോറ കാര്‍ഡോസോയുടെ 9/4 (3).
2025ല്‍ പുരുഷ ട്വന്റി-20യില്‍ മ്യാന്മറിന് എതിരേ ഭൂട്ടാന്റെ സോനം യെഷെ ഏഴ് റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച ബൗളിംഗ്.
വനിതാ ട്വന്റി-20യില്‍ ഇതുവരെയുണ്ടായിരുന്ന മികച്ച ബൗളിംഗ് ഇന്തോനേഷ്യയുടെ റോഹ്മാലിയ, മംഗോളിയയ്ക്ക് എതിരേ റണ്‍ വഴങ്ങാതെ ഏഴ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു.
മത്സരത്തില്‍ ബ്രസീല്‍ 189 റണ്‍സിന്റെ റിക്കാര്‍ഡ് ജയം നേടി. സ്കോര്‍: ബ്രസീല്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202. ലെസോത്തോ 6.2 ഓവറില്‍ 13.
Sports
ഗോഹട്ടി: ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളർ. യുവനിരയിൽ അവിശ്വസനീയ പ്രകടനം നടത്തുന്ന ബാറ്റർ. പരിചയസന്പത്തും യുവത്വവും ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും? ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റിൽ മഴമുടക്കിയ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിലെ ശ്രദ്ധേയ നിമിഷം അതായിരുന്നു.
ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ന്യൂജൻ സ്റ്റാർ ബാറ്റർ 15കാരൻ വൈഭവ് സൂര്യവംശിയും ആദ്യമായി കളിക്കളത്തിൽ നേർക്കുനേർ ഏറ്റുമുട്ടി.
പേരെടുത്ത ലോകോത്തര ബാറ്റർമാർ നേരിടാൻ ബുദ്ധിമുട്ടുന്ന ബുംറയെ നേരിട്ട ആദ്യ പന്തിൽ തന്നെ ഗാലറിയിലെത്തിച്ച് വൈഭവ് തന്റെ വൈഭവം തെളിയിച്ചു. ബുംറയെ നേരിട്ട ആദ്യ ഓവറിൽ രണ്ട് തവണയാണ് യുവതാരം സിക്സ് പറത്തിയത്. അരങ്ങേറ്റ സീസണിൽ നേരിട്ട ആദ്യ പന്ത് സിക്സ് അടിച്ച് തുടങ്ങിയ സൂര്യവംശി ആ ശൈലി തുടരുകയാണ്.
സിക്സ്- ഫോർ
ക്രീസിലെത്തിയാൽ ഗാലറിയിൽ പന്ത് എത്തിക്കുക മാത്രമാണ് വൈഭവിന്റെ ലക്ഷ്യം. പ്രായത്തിൽ കുഞ്ഞനെങ്കിലും വന്പനടിയിൽ മുന്പൻ. അതാണ് വൈഭവിന്റെ ട്രേഡ് മാർക്ക്. കഴിഞ്ഞ ദിവസം മുംബൈയെ നേരിടുന്നതുവരെയുള്ള ട്വന്റി മത്സരം എടുത്താൽ 378 പന്ത് നേരിട്ട വൈഭവ് 68 സിക്സ് നേടിയിരുന്നു. യുവതാരം നേരിടുന്ന ഓരോ 5.6 പന്തിലും ഒരു പന്ത് ഗാലറിയിലെത്തിയിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. ഐപിഎല്ലിൽ ഇതുവരെ ആകെ 10 മത്സരങ്ങൾ സൂര്യവംശി കളിച്ചു. 2025ലെ അരങ്ങേറ്റ സീസണിൽ ഏഴും ഇത്തവണ മൂന്നും. രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 374 റൺസ് സ്വന്തമാക്കി. 218.71 ആണ് സ്ട്രൈക്ക്റേറ്റ്.
ബൂം... ബൂം... സിക്സ്
32 വയസ് 122 ദിവസമുള്ള ബുംറ, 15 വയസ് പതിനൊന്ന് ദിവസമുള്ള വൈഭവ്. എന്നാൽ, ഇരുവരും ക്രീസിൽ കണ്ടുമുട്ടിയപ്പോൾ പ്രായം കണക്കിൽ ഒതുങ്ങി. സൂര്യവംശിക്ക് നേരേ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തടക്കം മൂന്ന് പന്തിൽ രണ്ട് എണ്ണം നിലംതൊടാതെ അതിർത്തി കടക്കുന്ന കാഴ്ച കാണേണ്ടി വന്നു ഇന്ത്യയുടെ സ്റ്റാർ പേസർക്ക്.
2013ൽ മുംബൈക്കൊപ്പം ഐപിഎൽ സീസണ് ആരംഭിച്ച ബുംറ ഇതുവരെ 148 മത്സരത്തിൽനിന്ന് 183 വിക്കറ്റ് സ്വന്തമാക്കി. അഞ്ച് തവണ ടീം കിരീടം ഉയർത്തിയപ്പോൾ നിർണായക പ്രകടനം നടത്തി. 2025 സീസണിൽ മുംബൈയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്പൻ കൂടിയായിരുന്നു താരം.
Sports
ഭയം എന്ന വികാരം നിഘണ്ടുവില്‍ ഇല്ലാത്ത ചില ന്യൂജെനറേഷന് താരങ്ങള്‍ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണിലുണ്ട്. ജെന്‍സി കാലഘട്ടത്തിനു യോജിക്കുന്ന ന്യൂജെന്‍ താരങ്ങള്‍. രാജസ്ഥാന് റോയല്‍സിന്റെ വൈഭവ് സൂര്യവംശി ഈ ഗണത്തിലുള്ള ഏറ്റവും ശ്രദ്ധേയ താരമാണ്.
അങ്ങനെ അല്ലെങ്കിൽ ലോകത്തിൽ ഏതെങ്കിലും ഒരു ബാറ്റർ ജസ്പ്രീത് ബുംറ, തനിക്കെതിരേ എറിയുന്ന ആദ്യ പന്ത് സിക്സർ പറത്തുമോ..? 2026 സീസൺ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ബുംറയും രാജസ്ഥാൻ റോയൽസിന്റെ ബേബി ബോസ് ആയ വൈഭവ് സൂര്യവംശിയും നേർക്കുനേർ ഇറങ്ങിയ പോരാട്ടത്തിലായിരുന്നു സംഭവം.
ബുംറയെ ആദ്യമായി നേരിട്ട സൂര്യവംശി, ആദ്യപന്ത് തന്നെ മിഡ്ഓണിനു മുകളിലൂടെ സിക്സർ പറത്തിയാണ് സൂപ്പർ പേസറിനെ സ്വാഗതം ചെയ്തത്. പഴയ പ്രതാപം ഇല്ലെങ്കിലും ബുംറ എന്നും ബുറയാണെന്നത് വിസ്മരിക്കാനാകില്ല. ബുംറയുടെ ആദ്യ ഓവറിൽ നേരിട്ട അഞ്ച് പന്തിൽ രണ്ട് സിക്സും ഒരു സിംഗിളും സൂര്യവംശി നേടി.
എതിര്‍നിരയിലെ താരമൂല്യമോ, താരപരിവേഷമോ സൂര്യവംശിയെപോലുള്ള നിര്‍ഭയ ന്യൂജെന്സിനെ തെല്ലും ബാധിക്കുന്നില്ല, അല്ലെങ്കില്‍ ഭയപ്പെടുത്തുന്നില്ല. നേര്‍ക്കുനേര്‍ നില്ക്കുന്നവര് ആരാണെങ്കിലും കീഴടക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. 19-ാം സീസണ് ഐപിഎല്ലില്‍ ശ്രദ്ധ പിടിച്ചുപറ്റിയ നിര്‍ഭയ ന്യൂജെന്‍ പ്രതിഭകള്‍ ഇവരാണ്...
1. വൈഭവ് സൂര്യവംശി (രാജസ്ഥാന് റോയല്‍സ്)
പ്രായത്തേക്കാള്‍ പക്വതയും ക്വാളിറ്റിയുമുള്ള ക്രിക്കറ്റ് കാഴ്ചവയ്ക്കുന്ന താരമാണ് രാജസ്ഥാന് റോയല്‍സിന്റെ 15കാരനായ വൈഭവ് സൂര്യവംശി. 2026 സീസണിലും വൈഭവിന്റെ ബാറ്റ് കൊടുങ്കാറ്റായി വീശുകയാണ്. ഇരുന്നൂറിനു മുകളിലാണ് വൈഭവിന്റെ സ്ട്രൈക്ക് റേറ്റ് എന്നതാണ് ഈ കൗമാരക്കാരന്റെ നിര്‍ഭയത്വത്തിന്റെ നേര്‍സാക്ഷ്യം. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ ഒമ്പതു മത്സരങ്ങളില്‍നിന്ന് 213.38 സ്ട്രൈക്ക് റേറ്റില്‍ 335 റണ്‍സ് വൈഭവ് സ്വന്തമാക്കിക്കഴിഞ്ഞു. രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ 15 പന്തില്‍ അര്‍ധസെഞ്ചുറിയുമായാണ് സൂര്യവംശി 19-ാം സീസണ് ഐപിഎല്ലിനു തുടക്കമിട്ടത്.
2. സമീര്‍ റിസ്വി (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
22കാരനായ സമീര്‍ റിസ്വിയുടെ നിര്‍ഭയ ഹിറ്റിംഗാണ് ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ആദ്യ രണ്ടു മത്സരങ്ങളിലും ജയമൊരുക്കിയത്. രണ്ട് മത്സരങ്ങളിലും റിസ്വി ആയിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ചും. യുപി ട്വന്റി-20 ലീഗില്‍ താരം നടത്തിയ ബിഗ്-ഹിറ്റിംഗാണ് ഐപിഎല്ലിലേക്കു വഴിതെളിച്ചത്. 2024 ലേലത്തില്‍ 8.4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് റിസ്വിയെ സ്വന്തമാക്കിയിരുന്നു. 2025 മെഗാ ലേലത്തില്‍ 95 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയത്. പഞ്ചാബ് കിംഗ്സിന് എതിരേ 25 പന്തില്‍ 58 നോട്ടൗട്ടുമായി 2025 സീസണ് അവസാനിപ്പിച്ചു. അതോടെ ടീമിന്റെ ഫിനിഷര്‍ റോള്‍ സ്വന്തം. 2026 സീസണിലേക്കും ഡല്‍ഹി റിസ്വിയെ അതേതുകയ്ക്ക് നിലനിര്‍ത്തി. 2026 സീസണിലെ ആദ്യ മത്സരത്തില്‍ 47 പന്തില്‍ 70 നോട്ടൗട്ടും രണ്ടാം മത്സരത്തില്‍ 51 പന്തില്‍ 90ഉം റണ്‍സ് നേടി. ഈ രണ്ട് ഇന്നിംഗ്സും ടോപ് ഓര്‍ഡര്‍ തകര്‍ന്നശേഷമുള്ള സമ്മര്‍ദ സമയങ്ങളിലായിരുന്നു എന്നതാണ് ശ്രദ്ധേയം.
3. അംഗ്കൃഷ് രഘുവംശി (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
21കാരനായ അംഗ്കൃഷ് രഘുവംശി 2022 ഐസിസി അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്കോററായാണ് ആദ്യം ശ്രദ്ധപിടിച്ചുപറ്റിയത്. 2024 ഐപിഎല്‍ ലേലത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തി. അതേ സീസണില്‍ അരങ്ങേറി. 155.24 സ്ട്രൈക്ക് റേറ്റുമായി ആദ്യ സീസണില്‍ത്തന്നെ വരവറിയിച്ചു. 2026 സീസണില്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ കെകെആര്‍ ആറ് വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും 29 പന്തില്‍ 51 റണ്‍സ് രഘുവംശി അടിച്ചെടുത്തു. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 65 റണ്‍സിനു പരാജയപ്പെട്ടെങ്കിലും 29 പന്തില്‍ 52 റണ്‍സ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കി. പഞ്ചാബ് കിംഗ്സിന് എതിരേ മഴയില്‍ മുടങ്ങിയ മത്സരത്തില്‍ ഏഴ് പന്തില്‍ ഏഴ് നോട്ടൗട്ടായിരുന്നു പ്രകടനം.
4. പ്രിന്‍സ് യാദവ് (ലക്നോ സൂപ്പര്‍ ജയന്റ്സ്)
പേസ്, ലൈന്‍ ആന്‍ഡ് ലെംഗ്ത് നിലനിര്‍ത്തുന്നതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബൗളറാണ് ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ പ്രിന്‍സ് യാദവ്. ലക്നോയുടെ പേസര്‍മാര്‍ പരിക്കിനെത്തുടര്‍ന്ന് വഴിമാറിയതോടെയാണ് പ്രിന്‍സ് യാദവിന് അവസരം ലഭിച്ചത്. മുഹമ്മദ് ഷമി, മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന് എന്നിവര്‍ ഫിറ്റ്നസ് വീണ്ടെടുത്തപ്പോഴും പ്രിന്‍സിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചു. എന്നാല്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്ക് എതിരേ നിര്‍ണായക വിക്കറ്റ് വീഴ്ത്തി. സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഇഷാന് കിഷന്റെ വിക്കറ്റ് തെറിപ്പിച്ചതടക്കമുള്ള പന്തുകള്‍ ശ്രദ്ധിക്കപ്പെട്ടു.
Sports
ലക്നോ: ഐപിഎൽ രംഗപ്രവേശം നടത്താതെ ലക്നോ സൂപ്പർ ജയന്റ്സിന് തലവേദനയായി ശ്രീലങ്കൻ ലെഗ് സ്പിന്നർ വനിന്ധു ഹസരെങ്ക. സീസണ് തുടങ്ങി ഇത്രയും മത്സരങ്ങൾ പിന്നിട്ടിട്ടും ഹസരെങ്ക ലക്നോ ടീമിനൊപ്പം ചേർന്നിട്ടില്ല.
ഐപിഎൽ കളിക്കാർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകുന്നതിനായി ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുന്ന ഫിറ്റ്നസ് പരിശോധനയ്ക്ക് താരം വിധേയനായിട്ടില്ല.
ഇടതു കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് രണ്ട് മാസമായി താരം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഫെബ്രുവരി എട്ടിന് അയർലൻഡിനെതിരായ ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയുടെ ഉദ്ഘാടന മത്സരത്തിലാണ് ഹസരെങ്ക അവസാനം കളിച്ചത്.
ശ്രീലങ്കൻ സ്പിന്നർക്ക് പകരക്കാരനെ കണ്ടെത്താനുള്ള സാധ്യത ലക്നോ പരിഗണിക്കുന്നുണ്ട്. രണ്ട് കോടി രൂപയ്ക്കാണ് 28കാരനായ ഹസരെങ്കയെ ലക്നോ ടീമിലെത്തിച്ചത്.
Sports
പിഴവുകളിൽനിന്ന് പാഠമുൾക്കൊള്ളാതെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണിലും ദയനീയ യാത്ര തുടരുന്നു. തോൽവിയിൽനിന്ന് മുക്തി നേടാനാൻ ചെന്നൈക്ക് കഴിയുന്നില്ല. അവസാന 22 മത്സരത്തിൽ 14 തോൽവി. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിൽ തുടർച്ചയായ ഏഴാം തോൽവി.
കഴിഞ്ഞ സീസണിലെ വന്പൻ തിരിച്ചടി തിരുത്താൻ വൻതുകയ്ക്ക് യുവ താരങ്ങളെ സ്വന്തമാക്കി. താരങ്ങളെ ട്രാൻസ്ഫർ ചെയ്ത് വലിയ നേട്ടത്തിന് ശ്രമിച്ചെങ്കിലും സർവതും പിഴച്ചു. നിസാര തുകയ്ക്ക് ടീമിലെത്തിച്ച സർഫറാസ് ഖാൻ മാത്രമാണ് 2026 ഐപിഎൽ സീസണിൽ ആദ്യ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ടീമിന് ആശ്വാസം പകരുന്ന ഏക താരം. ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈക്ക് എല്ലാ മേഖലയിലും താളംതെറ്റി.
തോൽവിയാണ് മുഖ്യം!
അഞ്ച് തവണ ഐപിഎൽ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ദയനീയത 2026ലും തുടർക്കഥയാണെന്നതാണ് വാസ്തവം. ഐപിഎല്ലിൽ അവസാനം കളിച്ച 22 മത്സരങ്ങളിൽ 14ലും പരാജയം രുചിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരായ 43 റൺസ് തോൽവി, ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിലെ ഏഴാം പരാജയമാണ്. ക്യാപ്റ്റനെന്ന നിലയിൽ ഗെയ്ക്വാദിന്റെ മികവിൽ ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. 2025 സീസണിൽ ഏറ്റവും പിന്നിലായിരുന്ന സിഎസ്കെ, 2026 സീസണിലും അതേ സ്ഥാനത്തുതന്നെ.
സഞ്ജു എവിടെ?
ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണെതിരേ ആരാധകരോഷം ഉയരുന്നു. ലോകകപ്പിലെ മിന്നും പ്രകടനം ഐപിഎല്ലിലും തുടരുമെന്ന പ്രതീക്ഷ തെറ്റിയത് ആരാധകരുടെ രൂക്ഷ വിമർശനത്തിനിടയാക്കി. ഫോം കണ്ടെത്താനും പുതിയ ടീമിനൊപ്പം പൊരുത്തപ്പെടാനും സാധിക്കുന്നില്ലെങ്കിൽ മാറിനിൽക്കൂ എന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതികരണം.
ചെന്നൈക്കൊപ്പമുള്ള ആദ്യ മൂന്നു മത്സരങ്ങളിലും സഞ്ജുവിനു രണ്ടക്കം കടക്കാൻ സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ 2026 സീസണിനു മുന്‍പ് ചെന്നൈ സ്വന്തമാക്കിയത് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകിയാണ്. 6, 7, 9 എന്നതാണ് ഈ ഐപിഎൽ സീസണിൽ സഞ്ജുവിന്റെ പ്രകടനം.
28.4 കോടി പാഴായോ..?
2026 ഐപിഎൽ താര ലേലത്തിൽ ചെന്നൈ വരുത്തിയ വലിയ പിഴവും ചോദ്യം ചെയ്യപ്പെടുന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി എത്തിയ ഉത്തർപ്രദേശിന്റെ 20കാരൻ ഇടം കൈയൻ സ്പിന്നർ പ്രശാന്ത് വീർ ഇതിൽ ഒന്നാമനാണ്. ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത താരത്തെ 14.2 കോടിക്ക് ചെന്നൈ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന താരത്തിന് പിന്നീട് രണ്ടു മത്സരത്തിലും അവസരം ലഭിച്ചു. എന്നാൽ, ഒരു ഓവർ പോലും പന്തെറിയാൻ ഗെയ്ക്വാദ് പ്രശാന്ത് വീറിനെ ഏൽപ്പിച്ചില്ല. 49 റണ്‍സാണ് താരത്തിന്റെ സന്പാദ്യം.
മറ്റൊരു നിക്ഷേപ പരാജയം വിക്കറ്റ് കീപ്പർ ബാറ്ററായ കാർത്തിക് ശർമയാണ്. 19കാരനെ 14.2 കോടി മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയത്. 18 റണ്‍സാണ് താരത്തിന്റെ ഇതുവരെയുള്ള സന്പാദ്യം.
സർഫറാസ് @ 75 ലക്ഷം
രണ്ട് യുവ താരങ്ങൾക്കായി ചെന്നൈ സൂപ്പർ കിംഗ്സ് മുടക്കിയ വന്പൻ തുകയ്ക്ക് ഫലമുണ്ടായില്ലെങ്കിലും 75 ലക്ഷത്തിനു സ്വന്തമാക്കിയ സർഫറാസ് ഖാനാണ് ടീമിന്റെ നിലവിലെ ടോപ് സ്കോറർ. ലേലത്തിൽ ആദ്യം ആരും സ്വന്തമാക്കാൻ മുതിരാതിരുന്ന സർഫറാസ് ഖാൻ ഒരു അർധസെഞ്ചുറിയടക്കം 99 റൺസ് ഇതുവരെ നേടി. 202.04 ആണ് സ്ട്രൈക്ക് റേറ്റ്.
Sports
ചെന്നൈ: മാനസികമായി തളര്‍ത്തുന്നതും വേദനാജനകവുമായതുകൊണ്ടാണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍നിന്നു വിരമിച്ചതെന്ന വെളിപ്പെടുത്തലുമായി മുന്‍താരം ആര്. അശ്വിന്.
2025 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അശ്വിന് കളിച്ചിരുന്നു. മാനസികമായി തകര്‍ന്നതിനാലാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിനോട് വിടപറഞ്ഞതെന്ന് തന്റെ യുട്യൂബ് ചാനലിലൂടെയാണ് അശ്വിന് വെളിപ്പെടുത്തിയത്. നിലവിലെ ചെന്നൈ ടീം ബലഹീനമാണെന്നും അശ്വിന് തുറന്നടിച്ചു.
ഐപിഎല്ലില്‍ 221 മത്സരങ്ങളില്‍നിന്ന് 187 വിക്കറ്റും 833 റണ്‍സും അശ്വിന് സ്വന്തമാക്കി. 2009 സീസണിലൂടെയായിരുന്നു ഐപിഎല്‍ അരങ്ങേറ്റം.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ദുഃഖമകറ്റാനായി സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ദുഃഖവെള്ളിയായ ഇന്നിറങ്ങുന്നു. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍, 2025 ഫൈനലിസ്റ്റുകളായ പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍.
തിങ്കളാഴ്ച ഗോഹട്ടിയില്‍ രാജസ്ഥാന് റോയല്‍സിന് എതിരായ എവേ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. 2026 സീസണിനു മുന്നോടിയായി രാജസ്ഥാന് റോയല്സില്നിന്നെത്തിയ സഞ്ജു സാംസണ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ അരങ്ങേറിയ മത്സരമായിരുന്നു അത്.
ഗോഹട്ടിയിലെ വിഷമകരമായ സാഹചര്യത്തില്‍ സഞ്ജു സാംസണ് (6), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (6), കൗമാര താരം ആയുഷ് മാത്രെ (0), മാറ്റ് സ്കോട്ട് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിനു പുറത്ത്. അതോടെ സഞ്ജുവിന്റെ സിഎസ്കെ അരങ്ങേറ്റം ദുഃഖത്തില്‍ അവസാനിച്ചു.
►സ്വീറ്റ് ഹോം
ഇന്നു ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. മഞ്ഞ ജഴ്സിയില്‍ ചിദംബരം സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. ഗോഹട്ടിയിലെ പരാജയത്തിനു ചെന്നൈയില്‍ മറുപടി നല്കുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.
ഐസിസി ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മൂന്നു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിനായാണ് മഞ്ഞജഴ്സിക്കാര് കാത്തിരിക്കുന്നത്. ധോണിയുടെ അഭാവത്തില്‍ സഞ്ജുതന്നെ ഇന്നും വിക്കറ്റിനു പിന്നില്‍ ഗ്ലൗ അണിയും.
ഗോഹട്ടിയില്‍ ടോസ് നിര്‍ണായകമായിരുന്നു. മാത്രമല്ല, പരിക്കറ്റ എം.എസ്. ധോണി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ കളിച്ചില്ല. ഇരുവരും ഇന്നത്തെ മത്സരത്തിലും പുറത്തിരിക്കും. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ ജയം നേടി ശക്തമായി തിരിച്ചെത്തുകയാണ് സിഎസ്കെയുടെ ലക്ഷ്യം.
ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ്, സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിനു കീഴടക്കി. 44 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും അടക്കം 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓസ്ട്രേലിയന്‍ യുവതാരം കൂപ്പര്‍ കൊണോലിയായിരുന്നു പഞ്ചാബിന്റെ വിജയശില്‍പ്പി. പഞ്ചാബിന്റെ ജഴ്സിയില്‍ കൊണോലിയുടെ ഉജ്വല അരങ്ങേറ്റം.
►പവര്‍ പ്ലേ പവർ വേണം
ഡെവാള്‍ഡ് ബ്രെവിസിന്റെ അഭാവം സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പില്‍ നിഴലിക്കാതിരിക്കണമെങ്കില് സഞ്ജു സാംസണ്-ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് കൂട്ടുകെട്ട് പവര്‍പ്ലേയില്‍ ആധിപത്യം സ്ഥാപിക്കണം. രാജസ്ഥാന് റോയല്‍സിന് എതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും (7 പന്തില്‍ 6) ഋതുരാജും (11 പന്തില്‍ 6) ചേര്‍ന്ന് 18 പന്ത് നേരിട്ടു.
ബാറ്റിംഗ് പവര്‍പ്ലേയുടെ പകുതി ഓവര്‍ ഇവര്‍ നേരിട്ടെങ്കിലും നേടിയത് 12 റണ്‍സ് മാത്രം. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചിരുന്നു. സഞ്ജു-ഋതുരാജ് ഓപ്പണിംഗിനുശേഷമെത്തുന്ന ആയുഷ് മാത്രെയും മാറ്റ് ഷോട്ടും തിളങ്ങിയാല്‍ മാത്രമേ സിഎസ്കെയ്ക്കു മികച്ച സ്കോര്‍ കെട്ടിപ്പടുക്കാനാകൂ.